
ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ലളിത് മോദിക്ക് വീണ്ടും തിരിച്ചടി. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ദക്ഷിണ പസഫിക് ദ്വീപായ വനുവാട്ടു പൗരത്വം സ്വീകരിക്കാനായിരുന്നു ലളിത് മോദിയുടെ നീക്കം. എന്നാൽ നാടുകടത്തലിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, പൗരത്വം ലഭിക്കാനുള്ള ന്യായമായ കാരണമായി കണക്കാക്കാനാവില്ലെന്ന് വാനുവാട്ടു വ്യക്തമാക്കി. ഒപ്പം ലളിത് മോദിക്ക് നൽകിയ പാസ്‌പോർട്ട് റദ്ദാക്കാനും വാനുവാട്ടു സർക്കാർ തീരുമാനിച്ചു.
അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ലളിത് മോദിക്ക് നൽകിയ പാസ്‌പോർട്ട് റദ്ദാക്കാൻ വാനുവാട്ടു സർക്കാർ തീരുമാനിച്ചത്. പ്രധാനമന്ത്രി ജോതം നപത് രാജ്യത്തെ പൗരത്വ കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
"ലളിത് മോദിയുടെ പൗരത്വ അപേക്ഷയ്ക്കിടെ ഇന്റർപോൾ സ്‌ക്രീനിങ്ങുകൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റാൻഡേർഡ് പശ്ചാത്തല പരിശോധനകളും നടത്തിയിരുന്നു. അതിൽ മോദിക്കെതിരായ ക്രിമിനൽ കുറ്റം തെളിഞ്ഞിട്ടില്ല. എന്നാൽ, ലളിത് മോദിക്കെതിരെ ജാഗ്രതാ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യൻ അധികാരികളുടെ അഭ്യർഥനകൾ കാര്യമായ ജുഡീഷ്യൽ തെളിവുകളില്ലാത്തതിനാൽ ഇന്റർപോൾ രണ്ടുതവണ നിരസിച്ചു എന്നാണ് കൂടുതൽ പരിശോധനയിൽ മനസ്സിലായത്. ഇൻ്റർപോളിൻ്റെ നോട്ടീസ് ഉണ്ടായിരുന്നെങ്കിൽ ലളിത് മോദിയുടെ പൗരത്വ അപേക്ഷ നേരത്തെ തന്നെ ഓട്ടോമാറ്റികായി നിരസിക്കപ്പെടുമായിരുന്നു," പ്രധാനമന്ത്രി നപത് പറഞ്ഞു.
വാനുവാട്ടു പാസ്‌പോർട്ട് കൈവശം വയ്ക്കുക എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പദവിയാണെന്നും, അപേക്ഷകർ ന്യായവും നിയമാനുസൃതവുമായ കാരണങ്ങളുണ്ടെങ്കിൽ മാത്രം പൗരത്വത്തിന് അപേക്ഷിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൈമാറ്റം അല്ലെങ്കിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുന്നത് ന്യായമായ കാരണമായി കണക്കാക്കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന വസ്തുതകൾ ലളിത് മോദിയുടെ ഉദ്ദേശ്യം ഇത് തന്നെയായിരുന്നെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും ജോതം നപത് കൂട്ടിച്ചേർത്തു.
ഇന്ത്യൻ പാസ്‌പോർട്ട് തിരികെ നൽകാൻ (സറണ്ടർ ചെയ്യാൻ) ലളിത് മോദി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ അപേക്ഷ സമർപ്പിച്ചതായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 2010ലാണ് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പിന്നാലെ ലളിത് മോദി ഇന്ത്യ വിട്ടത്. ഐപിഎൽ കമ്മീഷണറായിരിക്കെ കോടികളുടെ തട്ടിപ്പിൽ പങ്കാളിയായി എന്നാണ് കോടീശ്വരനായ ഇയാൾക്കെതിരായ ആരോപണം.