
കോഴിക്കോട് താമരശ്ശേരിക്ക് സമീപം കൈതപ്പൊയിൽ ആനോറയിൽ ഉരുൾപൊട്ടലിൽ പശു ഫാം തകർന്നു. അഞ്ചു പശുക്കൾ മണ്ണിനടിയിലായി. കൈതപ്പൊയിൽ വള്ളിയാട് റോഡ് ആനോറ ഭാഗത്ത് 200 മീറ്ററോളം റോഡ് തകർന്നു. ഉരുൾപൊട്ടളിൽ റബർ മരങ്ങളും കാർഷിക വിളകളും നശിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നു.
കോഴിക്കോട് പുതുപ്പാടി മണൽ വയൽ പുഴയോരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴ കരകവിഞ്ഞു. പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിനടിയിലായി. വിഷ്ണുമംഗലം പുഴയിൽ നിന്ന് വെള്ളം കയറി, ജാതിയേരി ചെറുമോത്ത് ഭാഗങ്ങളിലെ വീടുകലും വെള്ളത്തിനടിയിലായി.
ഇവിടങ്ങളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളെയും അഗ്നിരക്ഷാ പ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ചാത്തമംഗലത്തും വീടുകളിൽ വെള്ളം കയറി. ചെറുപുഴയിൽ നിന്നാണ് പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിയത്. വെള്ളപൊക്കം ബാധിച്ച 30 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മുക്കത്ത് നിന്ന് എത്തിയ ദൗത്യസംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കോഴിക്കോട് ചാലിയാർ പുഴ കരകവിയുന്നുണ്ട്. ബേപ്പൂർ ബി.സി.റോഡ് ചീർപ്പ് പാലം ഭാഗത്തും വെള്ളം കയറുന്നു. കോഴിക്കോട് പുതുപ്പാടി മണൽവയൽ പുഴയോരത്തെ നിരവധി വീടുകളിൽ വെള്ളം കയറി.