
വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രക്ഷോഭത്തിന് ഒരുങ്ങുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നൽകുന്നില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വയനാടിന് ഇതുവരെ നൽകിയിട്ടില്ല. കേന്ദ്ര സഹായത്തിൻ്റെ കാര്യത്തിൽ കേരള സർക്കാർ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. ആവശ്യം ശക്തമായി ഇപ്പോഴും ഉന്നയിക്കുന്നു. കേന്ദ്ര സഹായമില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഇടതുമുന്നണി നടത്തുമെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തും. ചേലക്കരയില്‍ വിജയിക്കുന്നതിനൊപ്പം പാലക്കാട് തിരിച്ചുപിടിക്കണം. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വയനാട്ടിലും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
24ന് വയനാട്ടിലും 25ന് പാലക്കാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാ വർഗീയതയേയും എതിർത്ത് തോൽപ്പിക്കലാണ് ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. നവംബർ 6 മുതൽ 10 വരെ മൂന്ന് മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. മുന്നണിക്ക് യാതൊരു വിധ ആശങ്കയും ഇക്കാര്യത്തിലില്ലെന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.
പാലക്കാട് ആരാണ് എല്‍ഡിഎഫിന്‍റെ എതിരാളിയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വർഗീയ നിലപാട് സ്വീകരിക്കുന്ന കൂട്ടുകെട്ടിനെ തോൽപ്പിക്കുമെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനറുടെ മറുപടി. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ എതിർക്കും. ബിജെപിയെ പരാജയപ്പെടുത്തുന്നതിനൊപ്പം യുഡിഎഫിനെയും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് വോട്ട് ചെയ്യുക എന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ല. മതനിരപേക്ഷ വോട്ടുകള്‍ ആ നിലയ്ക്ക് ലഭിച്ചിട്ടുണ്ടാകുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.