
സെക്രട്ടറിയേറ്റിന് മുന്നിൽ നിരവധി സമരങ്ങൾ നടക്കുമ്പോഴാണ് സർക്കാരിൻ്റെ വാർഷികാഘോഷം എന്ന പേരിൽ കോടികൾ ചെലവഴിച്ച് മാമാങ്കം നടത്തുന്നതെന്നും ഈ മാമാങ്കത്തിന് യുഡിഎഫ് കൂട്ട് നിൽക്കില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഈ സമരങ്ങൾ അവഗണിക്കാൻ കാരണം സാമ്പത്തിക ബാധ്യതയാണെന്നാണ് സർക്കാർ പറയുന്നത്. തിരുവായ്ക്ക് എതിർവാ എന്ന വിധത്തിലാണ് പിണറായി പ്രവർത്തിക്കുന്നതന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു.
നിയമസഭയ്ക്ക് 11 മാസം കാലാവധിയുള്ളൂവെന്ന സാഹചര്യത്തിൽ നിൽക്കെ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു. ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കട്ടെ. കേരളത്തിൽ നടക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണ്. ഇലക്ഷൻ ഡേറ്റ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും കെ. മുരളീധരൻ വിശദീകരിച്ചു.
നേതാക്കൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന വീക്ഷണം മുഖപ്രസംഗത്തേയും കെ. മുരളീധരൻ ന്യായീകരിച്ചു. "വീക്ഷണം മുഖപ്രസംഗത്തിൽ തെറ്റു കാണുന്നില്ല. പാർട്ടിയിൽ നടന്ന ചില വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതാണ് മുഖപത്രം. ഞങ്ങളുടെ ഭാഗത്ത് നിന്ന് തിരുത്തലുകൾ വേണമെങ്കിൽ നിർദ്ദേശിക്കാം. ഇക്കാര്യം കെപിസിസിയിൽ ചർച്ച ചെയ്തതാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്നാണ് പാർട്ടിയുടെ തീരുമാനം," മുരളീധരൻ കൂട്ടിച്ചേർത്തു.