'സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം, ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവിന്‍റെ കത്ത്

കഴിഞ്ഞ വർഷം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 90000 പേർക്കും സ്‌പോട്ട് ബുക്കിങ്ങിലൂടെ 15000 ഭക്തർക്കുമാണ് ദർശനം അനുവദിച്ചിരുന്നത്
'സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം, ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവിന്‍റെ കത്ത്
Published on

ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്ത്. മകരവിളക്ക് തീര്‍ഥാടന വേളയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം.

കഴിഞ്ഞ വർഷം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 90000 പേർക്കും സ്‌പോട്ട് ബുക്കിങ്ങിലൂടെ 15000 ഭക്തർക്കുമാണ് ദർശനം അനുവദിച്ചിരുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഭക്തരെ തടഞ്ഞു നിർത്തുന്ന സ്ഥലങ്ങളില്‍ ആവശ്യമായ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയില്ലെങ്കില്‍ അപകടങ്ങളുണ്ടായേക്കാമെന്നും പ്രതിപക്ഷ നേതാവ് സർക്കാരിന് മുന്നറിയിപ്പ് നല്‍കി.

കത്ത് പൂർണ രൂപത്തിൽ:

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന വേളയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്‍ മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80000 പേരെ മാത്രമെ ഒരു ദിവസം പ്രവേശിപ്പിക്കൂ. കഴിഞ്ഞ വര്‍ഷം 90000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചിരുന്നു. ഇതുകൂടാതെ സ്‌പോട്ട് ബുക്കിങ്ങിലൂടെ 15000 പേരെയും അനുവദിച്ചിരുന്നു. എന്നിട്ടും നിരവധി പേര്‍ക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നു.

ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു.

ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്. ശബരിമല തീർഥാടനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ എടുക്കരുത്. ഈ സാഹചര്യത്തില്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നല്‍കുന്നതിനുള്ള ക്രമീകരണം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com