തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി; ഇടതിൽ നിന്ന് മൂന്ന് പഞ്ചായത്തുകൾ പിടിച്ചെടുത്ത് യുഡിഎഫ്

31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി;  ഇടതിൽ നിന്ന് മൂന്ന് പഞ്ചായത്തുകൾ പിടിച്ചെടുത്ത് യുഡിഎഫ്
Published on

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. മൂന്ന് പഞ്ചായത്തുകളുടെ ഭരണം ഇടതിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂരിലും ആലപ്പുഴയിലും ഉൾപ്പെടെയുള്ള എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല.


31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 17 ഇടങ്ങളിൽ യുഡിഎഫും 11 ഇടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ, നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത്‌ വർഡുകൾ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. പാർലമെൻ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ നിലനിന്ന ഭരണവിരുദ്ധ വികാരം താഴേത്തട്ടിൽ തുടരുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം തരുന്നത്. തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്.

പാലക്കാട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തച്ചമ്പാറ പഞ്ചായത്തിൻ്റെ നാലാം വാർഡായ കോഴിയോട് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തതാണ് നിർണായകമായത്. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സിപിഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി. ഇതോടെ പതിനഞ്ചംഗ ഭരണസമിതിയിൽ യുഡിഎഫിന് എട്ടുപേരുടെ പിന്തുണയായി ഭരണം മറിഞ്ഞു. എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേ൪ന്നതിനെ തുട൪ന്നായിരുന്നു തെരഞ്ഞെടുപ്പ്.

ഇടുക്കിയിലെ കരിമണ്ണൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് പന്നൂറിൽ കോൺഗ്രസിന്റെ എം.എൻ. ദിലീപ്‌കുമാർ 177 വോട്ടുകൾക്ക് എൽിഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ചു. കരിമണ്ണൂരിൽ ഇതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമാകും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനും യുഡിഎഫ് തിരിച്ചുപിടിച്ചു.

തൃശൂർ നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് യുഡിഎഫ് സ്ഥാനാർഥി പി. വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിലേക്ക് മറിഞ്ഞു. മുൻപ് 6 സീറ്റ് എൽഡിഎഫിനും 5 സീറ്റ് യുഡിഎഫിനും മുന്ന് സീറ്റ് ബിജെപിക്കും എന്ന നിലയായിരുന്നു. ഒരു സീറ്റിൻ്റെ മുൻതൂക്കത്തിൽ തുടർന്ന ഭരണമാണ് എൽഡിഎഫിന് നഷ്ടമായത്.

കണ്ണൂരിലും ആലപ്പുഴയിലുമുൾപ്പെടെ എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി പൂർണമായി പുറത്തുവരുന്നതോടെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൻ്റെ കൂടുതൽ വ്യക്തമായ ചിത്രം തെളിയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com