ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ് പറയുന്നു
സൈബർ അതിക്രമത്തിനെതിരെയുള്ള അർജുൻ്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പ്രതികരണവുമായി ലോറി ഉടമയുടെ സഹോദരൻ മനാഫ്. വൈകാരികമായായിരുന്നു മനാഫിൻ്റെ പ്രതികരണം. കുടുംബത്തെ താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മതസ്പർദ്ദ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പറഞ്ഞു.
ജനങ്ങളുടെ വികാരം തൻ്റെ നിയന്ത്രണത്തിലല്ല. അർജുൻ്റെ കുടംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടത്. അർജുനെ കാണാതായത് മുതൽ കുടുംബത്തിന് അനുകൂലമായാണ് നിൽക്കുന്നത്. ഇനി തനിക്കെതിരെ കേസെടുത്താലും കുടുംബത്തിനൊപ്പം നിൽക്കും. ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ് പറയുന്നു.
അർജുനോ കുടുംബത്തിനോ എതിരെ മോശമായി ഒന്നും പറഞ്ഞില്ലെന്ന് മനാഫ് ആവർത്തിക്കുകയാണ്. സംശയമുണ്ടെങ്കിൽ യൂട്യൂബ് ചാനൽ പരിശോധിക്കാമെന്നും മനാഫ് പറയുന്നു. അർജുൻ്റെ ശരീരം കിട്ടിയതോടെ ജീവിതത്തിൽ സമാധാനം ലഭിക്കുമെന്ന് വിചാരിച്ചിരുന്നു എന്നാൽ വീണ്ടും പ്രശ്നങ്ങൾ തുടരുകയാണെന്നും മനാഫ് വൈകാരികമായി പറഞ്ഞു.
അർജുൻ്റെ സഹോദരി അഞ്ജുവാണ് മനാഫിൻ്റെ പരാതിയിൽ കോഴിക്കോട് ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്. അർജുൻ്റെ ചിത്രം ഉപയോഗിച്ച് ലോറി ഉടമ മനാഫ് എന്ന പേരിൽ ഇയാൾ യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇത് വഴി അപകീർത്തിപ്പെടുത്തിയെന്നാണ് കുടുംബത്തിൻ്റെ പരാതി. കുടുംബം പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രസ്താവനകളെ വെച്ച് സൈബർ അറ്റാക്ക് നടത്താനും, സമൂഹത്തിൽ മതസ്പർധ വളർത്താനും മനാഫ് കാരണക്കാരനായെന്നും പരാതിയിൽ പറയുന്നു.