എങ്കിലും പന്തിനിതെന്ത് പറ്റി? ഐപിഎല്‍ 2025ല്‍ ക്രീസില്‍ നിലയുറപ്പിക്കാനാകാതെ ലഖ്നൗവിന്‍റെ പൊന്നുംവിലയുള്ള താരം

18-ാമത് ഐപിഎല്ലില്‍ ആകെ ഒരു സിക്സാണ് പന്ത് അടിച്ചത്
എങ്കിലും പന്തിനിതെന്ത് പറ്റി? ഐപിഎല്‍ 2025ല്‍ ക്രീസില്‍ നിലയുറപ്പിക്കാനാകാതെ ലഖ്നൗവിന്‍റെ പൊന്നുംവിലയുള്ള താരം
Published on

ഏകാന സ്റ്റേഡിയത്തിലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിക്കറ്റ് നഷ്ടപ്പെട്ട് തലകുനിച്ച് മടങ്ങുമ്പോൾ ലഖ്നൗ സൂപ്പർ ജയന്റസ് സ്കിപ്പർ റിഷഭ് പന്തിന്റെ സമ്പാദ്യം രണ്ട് റൺസായിരുന്നു. ഐപിഎൽ 2025ൽ ഇതുവരെ ഒരു മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ പന്തിന് സാധിച്ചിട്ടില്ല. ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പന്തിന് രണ്ടക്കം നേടാനായത്. അതും 15 റൺസ്.

ഇന്ന് എല്ലാം കൊണ്ടും അനുകൂലമായ സാഹചര്യമായിരുന്നു ലഖ്‌നൗ നായകന്. ഓപ്പണർമാരായ മിച്ചൽ മാർഷും ഐഡൻ മാർക്രവും മികച്ച തുടക്കമാണ് ലഖ്നൗവിന് നൽകിയത്.  മാർഷിന്റെയും നിക്കോളാസ് പൂരന്റെയും വിക്കറ്റുകൾ വീണ ശേഷമായിരുന്നു പന്തിന്റെ എൻട്രി. അപ്പോൾ ടീം ടോട്ടൽ 92ന് രണ്ടെന്നായിരുന്നു. സുരക്ഷിതമായ സ്കോർ.  മറുവശത്ത് വമ്പൻ അടികളുമായി മാർക്രം സജീവും. ബാറ്റിലേക്ക് പന്തെത്തി തുടങ്ങിയ ശേഷം മാത്രം വലിയ അടികളിലേക്ക് കടന്നാല്‍ മതിയായിരുന്നു. എല്ലാം അനുകൂലമായിരുന്നിട്ടും ക്രീസിൽ നിലയുറയ്ക്കാനുള്ള സമയം പന്തിന് ലഭിച്ചില്ല. ഹർദിക് പാണ്ഡ്യ എറിഞ്ഞ 11-ാമത്തെ ഓവറിൽ ബോഷിന് ക്യാച്ച് നൽകി പന്ത് മടങ്ങി.

സീസണിൽ മൊത്തത്തിൽ 19 റൺസാണ് റിഷഭ് പന്ത് ഇതുവരെ നേടിയത്. 59.37 ആണ് താരത്തിന്റെ സ്ട്രൈക് റേറ്റ്. 18-ാമത് ഐപിഎല്ലില്‍ ആകെ ഒരു സിക്സാണ് പന്ത് അടിച്ചത്. പഞ്ചാബ് കിം​ഗ്സിനെതിരെ രണ്ട്, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 15, ഡൽഹി ക്യാപ്പിറ്റൽസിനെതിരെ പൂജ്യം എന്നിങ്ങനെയാണ് പന്തിന്റെ അവസാനത്തെ മൂന്ന് കളികളിലെ സ്കോർ.

2025ലെ ഐ‌പി‌എല്ലിൽ 27 കോടി രൂപയ്ക്കാണ് റിഷഭ് പന്തിനെ എൽ‌എസ്‌ജി വാങ്ങിയത്. അതിപ്പോൾ 28 കോടിക്കാണെങ്കിലും തങ്ങൾ പന്തിനെ ടീമിന്റെ ഭാ​ഗമാക്കുമായിരുന്നു എന്നാണ് എൽഎസ്ജി ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ​ഗൊയേങ്ക പറഞ്ഞത്. എന്നാൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി വന്ന പന്തിന് ക്രീസിൽ കാലുറയ്ക്കും മുൻപ് മടങ്ങേണ്ട അവസ്ഥയാണ്. കളിച്ച മൂന്ന് കളികളിൽ ഒരു ജയവും രണ്ട് തോൽവിയുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ലഖ്നൗ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com