ഇന്ത്യയിലെയും പാകിസ്ഥാനിലെയും തീവ്രനിലപാടുകാരിൽ നിന്ന് തനിക്ക് വിമർശനങ്ങൾ ലഭിച്ചെന്ന് പറഞ്ഞായിരുന്നു ജാവേദ് അക്തറിൻ്റെ പ്രസ്താവന
നരകവും പാകിസ്ഥാനും മുന്നിൽ വെച്ച് എങ്ങോട്ട് പോകണമെന്ന് ചോദിച്ചാൽ തിരഞ്ഞെടുക്കുക നരകമെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ശനിയാഴ്ച മുംബൈയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ജാവേദ് അക്തറിന്റെ പ്രസ്താവന. തനിക്ക് ധാരാളം പ്രശംസകൾ ലഭിക്കുന്നുണ്ടെങ്കിലും, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തീവ്രനിലപാടുകാരിൽ നിന്ന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നും ജാവേദ് അക്തർ വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടെയും പേര് പരാമർശിക്കാതെ ഇരുവശങ്ങളിൽ നിന്നും വിമർശനങ്ങൾ ലഭിച്ചെന്ന് പറഞ്ഞായിരുന്നു ജാവേദ് അക്തറിൻ്റെ പ്രസ്താവന. "ഒരു വശത്തുള്ളവർ എന്നോട് നീ ഒരു 'കാഫിർ' ആണ്, നരകത്തിൽ പോകൂ എന്നും, മറ്റുചിലർ നീ 'ജിഹാദി' ആണ് പാകിസ്ഥാനിൽ പോകൂ എന്നും പറയുന്നു. നരകവും പാകിസ്ഥാനും മാത്രമാണ് തനിക്ക് മുന്നിലെ മാർഗങ്ങളെങ്കിൽ തീർച്ചയായും ഞാൻ തിരഞ്ഞെടുക്കുക നരകമായിരിക്കും,"- ജാവേദ് അക്തർ പറഞ്ഞു.
ALSO READ: ഹൈദരാബാദ് ചാർമിനാറിന് സമീപം വൻ തീപിടിത്തം; 17 മരണം, നിരവധി പേർക്ക് പരിക്ക്
സോഷ്യൽ മീഡിയയിലൂടെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇരുപക്ഷങ്ങൾക്കും വേണ്ടി സംസാരിച്ചതാണ് തനിക്ക് നേരെ ആക്രമുണ്ടാവാൻ കാരണമെന്ന് ജാവേദ് അക്തർ പറയുന്നു. ഒരു പക്ഷത്തിനു വേണ്ടി മാത്രം സംസാരിച്ചാൽ അത് മറുപക്ഷത്തെ മാത്രമേ അസന്തുഷ്ടരാക്കൂ. എന്നാൽ ഇരുപക്ഷങ്ങൾക്കും വേണ്ടി സംസാരിക്കുകയാണെങ്കിൽ, അത് കൂടുതൽ ആളുകളെ അസന്തുഷ്ടരാക്കും. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അധിക്ഷേപങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും ജാവേദ് അക്തർ പറഞ്ഞു.
"ധാരാളം ആളുകൾ എന്നെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും എന്റെ ഉത്സാഹം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇരുവശത്തുമുള്ള തീവ്രനിലപാടുകാർ എന്നെ ആക്ഷേപിക്കുന്നുണ്ടെന്നതും സത്യമാണ്. ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ നടക്കേണ്ടത്. കാരണം ഒരു പക്ഷത്ത് നിന്നും അധിക്ഷേപങ്ങൾ നിലച്ചാൽ, എവിടെയാണ് തെറ്റ് പറ്റിയതെന്ന് ഞാൻ ചിന്തിച്ച് തുടങ്ങും," ജാവേദ് പരിഹാസരൂപേണ പറഞ്ഞു.
ALSO READ: PSLV C 61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ
നേരത്തെ കശ്മീരികൾ ഹൃദയത്തിൽ പാകിസ്ഥാനികളാണെന്ന പാക് പ്രചാരണത്തെ ജാവേദ് അക്തർ വിമർശിച്ചിരുന്നു. "ഇത് നുണയാണ്. സ്വാതന്ത്ര്യത്തിനുശേഷം പാകിസ്ഥാൻ കശ്മീരിനെ ആക്രമിച്ചപ്പോൾ, കശ്മീരികൾ അവരെ മൂന്ന് ദിവസത്തേക്ക് തടഞ്ഞു. അതിനുശേഷം മാത്രമാണ് നമ്മുടെ സൈന്യം എത്തിയത്. ഇന്ത്യയില്ലാതെ അവർക്ക് ജീവിക്കാൻ കഴിയില്ല എന്നതാണ് സത്യം. പഹൽഗാമിൽ സംഭവിച്ചത് കശ്മീരികളെ വളരെയധികം വേദനിപ്പിച്ചു. ടൂറിസത്തിന് തിരിച്ചടിയായി. കശ്മീരികൾ ഇന്ത്യക്കാരാണ്, അവരിൽ 99% പേരും ഇന്ത്യയോട് വിശ്വസ്ത പുലർത്തുന്നവരാണ്," ജാവേദ് അക്തർ പറഞ്ഞു.