
മലപ്പുറത്ത് എം പോക്സ് രോഗലക്ഷണത്തോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ സ്രവ പരിശോധന ഫലം ഇന്ന് വരും. കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഫലം പോസിറ്റീവ് ആയാൽ തുടർ ചികിത്സക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
ദുബായിൽ നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെ തിങ്കളാഴ്ചയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സ്രവ സാബിൾ പരിശോധനക്കയച്ചത്.
എംപോക്സ് ലക്ഷണങ്ങൾ എന്തെല്ലാമാണ്?
ലൈംഗികാവയവങ്ങളിലെ ചുണങ്ങു പോലെയുള്ള പാടുകളാണ് എംപോക്സിൻ്റെ പ്രധാന ലക്ഷണമെന്ന് ലോകാരാഗ്യ സംഘടനയെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ പറയുന്നു. 18-44 വയസ് പ്രായമുള്ള യുവതീ യുവാക്കൾക്ക് ഇടയിലാണ് എംപോക്സ് കേസുകൾ കൂടുതലായി കാണപ്പെടുന്നത്. എംപോക്സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പടരുക. എംപോക്സിൻ്റെ ഇൻകുബേഷൻ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണ്. ചിലപ്പോൾ ഇത് അഞ്ച് മുതൽ 21 ദിവസം വരെ നീളാം.
രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനകം കുമിളകൾ ദേഹത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുക.