
മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തില്‍ മഹാ വികാസ് അഘാഡികള്‍ മുംബൈയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ വന്‍ സുരക്ഷ സംവിധാനങ്ങളാണ് ഏക്നാഥ് ഷിന്‍ഡെ സർക്കാർ മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്.
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വലിയ തോതില്‍ സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്മാരകത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
ALSO READ: ശ്വാസകോശ അണുബാധ: സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
അതേസമയം, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കോട്ട ഭാഗത്ത് പ്രതിപക്ഷ റാലി നടക്കും. ഹുതാത്മ ചൗക്കില്‍ നിന്നാണ് റാലി ആരംഭിക്കുക. 'ഇന്ത്യ' ബ്ലോക്കിലെ ഉന്നത നേതാക്കളായ ശിവസേനയുടെ ഉദ്ധവ് തക്കറെ, എന്‍സിപിയുടെ ശരദ് പവാർ, കോണ്‍ഗ്രസ് പ്രസിഡന്‍റ് നാനാ പഠോളെ എന്നിവർ റാലിയില്‍ പങ്കെടുക്കും.
'ജോഡെ മാരോ' എന്നാണ് പ്രതിപക്ഷം പ്രതിഷേധത്തിനു നല്‍കിയിരിക്കുന്ന പേര്. ചെരുപ്പ് കൊണ്ട് അടി എന്നാണ് ഇതിന്‍റെ അർത്ഥം. മഹാരാഷ്ട്രയുടെ അഭിമാനം ഉണർത്താനായി ശിവജിയുടെ കാല്‍ക്കല്‍ നമസ്കരിക്കാനുള്ള മാർച്ചില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ശിവസേന ട്വീറ്റ് ചെയ്തു. ശവ്ദ്രേഹികള്‍ക്ക് മാപ്പില്ലെന്നായിരുന്നു എന്‍സിപി ശരദ് പവാർ പക്ഷത്തിന്‍റെ പ്രതികരണം. ശിവജിയെ അപമാനിക്കുകയും അഴിമതി നടത്തിയവരെയും ഒരു പാഠം പഠിപ്പിക്കാനാണ് ഈ മാർച്ച് എന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. പ്രതിഷേധത്തിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്ത് ബിജെപി പ്രതിപക്ഷത്തിനെിരെ മാർച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സിന്ധുദുർഗിലെ 35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് എട്ട് മാസം തികയും മുന്‍പാണ് തകർന്നത്. സംഭവത്തിൽ പ്രതിമയുടെ സ്ട്രക്ചറൽ കൺസൽട്ടൻ്റ് ചേതൻ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പു പറഞ്ഞിരുന്നു. എന്നാൽ തുടർച്ചയായ മഴയും കാറ്റുമാണ് പ്രതിമയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥ പക്ഷം. നാവികസേനാ ദിനത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് മാൽവാനിലെ രാജ്‌കോട്ട് ഫോർട്ടിൽ പ്രതിമ സ്ഥാപിച്ചത്