fbwpx
Maharashtra Assembly Election | മഹാരാഷ്ട്രയുടെ വിധി വിദര്‍ഭയുടെ വഴിയിലൂടെ; അധികാരത്തിന്റെ താക്കോല്‍ ആരുടെ കൈയിലേക്ക്
logo

തൗബ മാഹീന്‍

Posted : 19 Nov, 2024 10:24 AM

മഹാരാഷ്ട്രയിലെ അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള വഴി വിദര്‍ഭയിലൂടെ കടന്നുപോകുന്നു

NATIONAL


മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന മേഖലയാണ് വിദര്‍ഭ. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 62 സീറ്റും വിദര്‍ഭയിലാണ്. ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടത്തിലാണ് വിദര്‍ഭയില്‍. 36 സീറ്റില്‍ ഇരുപാര്‍ട്ടികളും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. നവംബര്‍ 23ന് വിദര്‍ഭ തീരുമാനിക്കും മഹാരാഷ്ട്രയുടെ താക്കോല്‍ ആര്‍ക്ക് കൊടുക്കണമെന്ന്.

വിദര്‍ഭ, മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഹൃദയഭൂമി. ഛത്തീസ്ഗഡിലെ അബുഝ്മഢ് വനമേഖലയോട് ചേര്‍ന്നുള്ള ഗഡ്ചിരോളിയിലെ നക്‌സല്‍ സ്വാധീന പ്രദേശം മുതല്‍ നാഗ്പൂര്‍ വരെ നീണ്ടുകിടക്കുന്ന പ്രദേശം. ആര്‍എസ്എസിന്റെയും അംബേദ്കറുടെ ദീക്ഷാഭൂമിയുടെയും ആസ്ഥാനം ഇവിടെയാണ്. കര്‍ഷക ആത്മഹത്യയില്‍ കുപ്രസിദ്ധിയും ഈ മേഖലയ്ക്കുണ്ട്. വിരുദ്ധ പ്രത്യയശാസ്ത്രങ്ങളില്‍ അടിയുറച്ച മണ്ണില്‍ ഇക്കുറി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോരാട്ടം നേര്‍ക്കുനേര്‍ എന്നാണ് പ്രത്യേകത. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 62 സീറ്റും വിദര്‍ഭയിലാണ്. ഇതില്‍ 36 സീറ്റില്‍ ഇരുപാര്‍ട്ടികളും ഏറ്റുമുട്ടുന്നത് നേര്‍ക്കുനേര്‍. താരമഹിമയിലും പിന്നിലല്ല വിദര്‍ഭ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയും മുതല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പടോലെ വരെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നത് വിദര്‍ഭയിലെ മണ്ഡലങ്ങളില്‍ നിന്നാണ്. സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാന്‍ നേതാക്കന്മാരെല്ലാം പ്രചാരണവുമായി മുന്നിലുണ്ട്.

ബിജെപിയുടെ അജണ്ട വ്യക്തമാണ്. ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അടുത്തിടെ വര്‍ധിച്ച സ്വാധീനം തകര്‍ക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ബിജെപിക്കുള്ളു. 2014ലെ മോദി തരംഗം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ആഞ്ഞടിച്ചിരുന്നു. വിദര്‍ഭയിലെ 62 മണ്ഡലങ്ങളില്‍ നാല്‍പ്പത്തിനാലിലും ബിജെപിക്കായിരുന്നു ആധിപത്യം. കേവലം 10 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കാര്‍ഷിക പ്രതിസന്ധിയും കോണ്‍ഗ്രസ് വിരുദ്ധതയുമാണ് ബിജെപിക്ക് ഗുണം ചെയ്തത്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ കഥ മാറി, ബിജെപി 29സീറ്റുകളില്‍ ചുരുങ്ങി. 15 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നേരിയ മുന്നേറ്റം നടത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപിക്ക് കിട്ടിയത്.

Also Read: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ പത്രപ്പരസ്യ യുദ്ധം; ആരോപണങ്ങളുമായി മഹാ വികാസ് അഘാഡിയും മഹായുതിയും


ശിവസേനയുടെ ഒരു സീറ്റ് ഉള്‍പ്പെടെ മഹായുതിക്കുള്ളത് മൂന്ന് എംപിമാര്‍. ഏഴ് സീറ്റുകളുമായി എംവിഎ മുന്നേറി. ഇതില്‍ അഞ്ചും പിടിച്ചെടുത്തത് കോണ്‍ഗ്രസ് ആയിരുന്നു. പക്ഷേ കോണ്‍ഗ്രസ് ഇക്കുറി മുന്നേറാതിരിക്കാന്‍ മഹായുതി സഖ്യവുമായി ചേര്‍ന്ന് പതിനെട്ട് അടവും പയറ്റിട്ടുണ്ട് ബിജെപി. അതിന്റെ ആദ്യപടിയാണ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. 47 പേരെ. ഈ നീക്കം ചെറുക്കാന്‍ മഹാ വികാസ് അഘാഡിയുടെ ഭാഗമായ കോണ്‍ഗ്രസ് കൈമെയ് മറന്ന് പ്രചരണം നടത്തുകയാണിവിടെ. കടുത്ത പോരട്ടമാകുമെന്ന് നിസംശയം പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മേഖലയില്‍ നടത്തിയ പതിവ് സന്ദര്‍ശനങ്ങളില്‍ നിന്ന് വ്യക്തമാണത്. കൃഷി ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളിലും ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളിലും വികസനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രചാരണം. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക സമരങ്ങള്‍ എന്നിങ്ങനെ മൂന്ന് നിര്‍ണായക വിഷയങ്ങളിലാണ് കോണ്‍ഗ്രസ് ഊന്നല്‍ നല്‍കുന്നത്. ആര്‍എസ്എസും പ്രചരണവുമായി മുന്‍ നിരയിലുണ്ട്.

Also Read: വിധിയെഴുതാനൊരുങ്ങി മഹാരാഷ്ട്ര, ജാർഖണ്ഡ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് ; പരസ്യപ്രചാരണത്തിന് ഇന്ന് പരിസമാപ്തി


വിദര്‍ഭയിലെ ഓരോ നിയോജക മണ്ഡലത്തിനും വ്യക്തമായ രാഷ്ട്രീയവും ജാതി സമവാക്യവുമുണ്ട്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ നാഗ്പൂരില്‍ കര്‍ഷക പ്രതിസന്ധി മുതലെടുത്തും, ആര്‍എസ്എസിന്റെ സ്വാധീനമുപയോഗിച്ചുമാണ് ബിജെപി വളര്‍ന്നത്. ദേശീയ പാര്‍ട്ടികളുടെ വിജയത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള കുന്‍ബി സമുദായവും മേഖലയിലുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ ബിജെപിക്കെതിരെ തിരിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച ലഡ്കി-ബഹന്‍ യോജന പോലുള്ള ജനകീയ പദ്ധതികള്‍ ഫിനിഷിംഗ് ലൈന്‍ മറികടക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഗോത്രവര്‍ഗ ജില്ലയായ ഗഡ്ചിരോളിയില്‍ 15,000 തൊഴിലവസരങ്ങള്‍ നല്‍കിയെന്നും ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ എംവിഎയുടെ അഞ്ച് ഗ്യാരണ്ടികളും ഭരണവിരുദ്ധതയും വോട്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്.

2022ലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ തരംഗം വിദര്‍ഭയില്‍ ഇപ്പോഴുമുണ്ടെന്ന ആത്മവിശ്വസവും കോണ്‍ഗ്രസ് പാളയത്തിനുണ്ട്. പക്ഷേ വിചാരിച്ച പോലെ മറാഠാ വോട്ടുകള്‍ ഏകീകരിക്കാനായില്ലെങ്കില്‍ ഒബിസി വോട്ടുകള്‍ പിടിക്കാനാണ് ബിജെപി ക്യാമ്പ് ശ്രമം നടത്തുന്നത്. ഒബിസിയില്‍ കൂടുതല്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ക്രീമിലെയര്‍ പരിധി എട്ടുലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്തിയ ഭരണകക്ഷികളുടെ നീക്കം ഇതിന്റെ ഭാഗമാണ്. പക്ഷേ ഇരു സഖ്യങ്ങളും വെല്ലുവിളി നേരിടുന്നത് വിമത സ്ഥാനാര്‍ഥികളുടെ എണ്ണത്തിലാണ്. മേഖലയില്‍ എംവിഎയ്ക്ക് 28ഉം മഹായുതിക്ക് 19 വിമതരുമാണുള്ളത്. മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശിവസേനയ്ക്കും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും കാര്യമായ മുന്നേറ്റമില്ലാത്ത ഇടമാണ് വിദര്‍ഭ. പക്ഷേ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ എല്ലായ്‌പോഴും പ്രധാന യുദ്ധക്കളമായ വിദര്‍ഭ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് നിണായകമാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഗതിയുടെ താക്കോല്‍ ഇവിടെയാണ്. വിദര്‍ഭയില്‍ വിജയിക്കുന്ന പാര്‍ട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള വഴി വിദര്‍ഭയിലൂടെ കടന്നുപോകുന്നു എന്നര്‍ത്ഥം.

KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?