
മഹാരാഷ്ട്രയിൽ ഘടകകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് ഒഴിവാക്കാനുള്ള തിരക്കിട്ട ശ്രമത്തിൽ മഹായുതി, മഹാ വികാസ് അഘാഡി സഖ്യങ്ങള്‍. നവംബർ നാലിന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കും മുമ്പ് തർക്കം പരിഹരിക്കാനാണ് ശ്രമം. ഒക്ടോബർ 29നായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ 23നാണ് വോട്ടെണ്ണൽ.
ബിജെപി, ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ), എന്‍സിപി (അജിത് പവാർ) എന്നീ പാർട്ടികളുടെ മഹായുതി സഖ്യം അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസും എന്‍സിപി ശരദ് പവാർ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും അടങ്ങുന്ന മഹാ വികാസ് അഘാഡി അധികാരം പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ്. ഇരു സഖ്യങ്ങളും വാശിയോടെ മത്സരിക്കുമ്പോഴും സഖ്യത്തിലെ പാർട്ടികൾ പരസ്പരം മത്സരിക്കുന്നത് മഹായുതിക്കും മഹാ വികാസ് അഘാഡിക്കും ഒരു പോലെ തലവേദനയാണ്. മഹാ വികാസ് അഘാഡിയിൽ കുറഞ്ഞത് ഏഴ് സീറ്റുകളിലെങ്കിലും സഖ്യകക്ഷികൾ പരസ്പരം മത്സരിക്കുമെന്ന അവസ്ഥയാണ്. മഹായുതിയിലാകട്ടെ അഞ്ച് സീറ്റുകളിലെങ്കിലും ഘടകകക്ഷികൾ പരസ്പരം മത്സരിക്കുമെന്ന സാഹചര്യമാണ്. ഒരു സീറ്റിൽ സഖ്യത്തിന് ഒരു സ്ഥാനാർഥി മതി എന്ന ആവശ്യം മുന്നോട്ട് വെച്ച് ഇരു മുന്നണികളിലേയും ഘടകകക്ഷികൾ തമ്മിൽ ചർച്ച നടത്തുന്നുണ്ട്. അതേസമയം, മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: പിളർപ്പിൻ്റെ 60 വർഷം; ഇന്ത്യയിൽ സിപിഎം ഔദ്യോഗികമായി നിലവിൽ വന്നിട്ട് ആറ് ദശകം
മഹാരാഷ്ട്രയിലെ 288 നിയമസഭ സീറ്റുകളിൽ ബിജെപി 150 സീറ്റുകളിലും ശിവസേന 78ഉം എന്‍സിപി 58ഉം സഖ്യത്തിൻ്റെ ഭാഗമായ ചെറു കക്ഷികള്‍ നാല് സീറ്റുകളിലും മത്സരിക്കുമെന്ന ധാരണയിലാണ് മഹായുതിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയത്. മഹാ വികാസ് അഘാഡിയിൽ 102 സീറ്റുകളിൽ കോൺഗ്രസും ഉദ്ധവ് വിഭാഗം ശിവസേന 96 സീറ്റുകളിലും എന്‍സിപി ശരദ് പവാർ വിഭാഗം 86, സമാജ് വാദി പാർട്ടി രണ്ട് , സിപിഎം രണ്ട് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. മഹായുതിയിലും മഹാ വികാസ് അഘാഡിയിലും വിമതശല്യവും തലവേദന സൃഷ്ടിക്കുന്നുണ്ട്.
സ്ഥാനാർഥികളെ നിർത്താതെ മഹാ വികാസ് അഘാഡിക്കായി പ്രചാരണം നടത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അതേസമയം, ഒറ്റയ്ക്ക് മത്സരിക്കുന്ന മഹാരാഷ്ട്ര നവ നിർമ്മാൺ സേനയുടെ (എംഎന്‍എസ്) തലവൻ രാജ് താക്കറെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്നും എംഎന്‍എസിന് സർക്കാരിൽ പങ്കാളിത്തമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.