വോട്ടെണ്ണൽ അവസാനത്തോട് അടുക്കവെ ആകെയുള്ള 288 മണ്ഡലങ്ങളിൽ 222 ഇടത്തും മഹായുതി സഖ്യമാണ് ജയം നേടിയത്
രാജ്യം ഉറ്റുനോക്കിയ 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷവുമായി കരുത്തുകാട്ടി മഹായുതി സഖ്യം. മഹാരാഷ്ട്രയിൽ മഹായുദ്ധത്തിൻ്റെ ക്ലൈമാക്സിൽ ബിജെപി നേതൃത്വം നൽകുന്ന മുന്നണി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്. വോട്ടെണ്ണൽ അവസാനത്തോട് അടുക്കവെ ആകെയുള്ള 288 മണ്ഡലങ്ങളിൽ 222 ഇടത്തും മഹായുതി സഖ്യമാണ് ജയം നേടിയത്. പ്രതിപക്ഷമായ മഹാവികാസ് അഘാഡിക്ക് 56 ഇടത്ത് മാത്രമെ ജയിക്കാനായുള്ളൂ. 9 ഇടത്ത് മറ്റുള്ള സ്ഥാനാർഥികളും ജയിച്ചു.
ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മഹാവികാസ് അഘാഡി സഖ്യം ദയനീയമായ പരാജയമാണ് മഹാരാഷ്ട്രയിൽ ഏറ്റുവാങ്ങിയത്. മറാത്താ വാദത്തിന് വേരോട്ടമുള്ള മണ്ണിൽ ആരാണ് യഥാർത്ഥ ശിവസേനയെന്നും, ആരാണ് യഥാർത്ഥ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെന്നും (എൻസിപി) ജനങ്ങൾ വിധിയെഴുതിയെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് കുടുംബാധിപത്യത്തിലൂടെ ഭരണസിരാ കേന്ദ്രങ്ങളിൽ അധികാരം നിലനിർത്തി പോന്ന... താക്കറെ കുടുംബത്തിനും പവാർ കുടുംബത്തിനുമേറ്റ കനത്ത തിരിച്ചടിയായി വേണം ഈ തെരഞ്ഞെടുപ്പ് ഫലം കാണാൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ശക്തി കാട്ടിയപ്പോഴും, 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു കനത്ത തിരിച്ചടി പ്രതിപക്ഷ സഖ്യം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചുകാണില്ല.
ALSO READ: മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ; ജാർഖണ്ഡില്‍ ശക്തി തെളിയിച്ച് ഇന്ത്യാ സഖ്യം
നിലവിൽ ആരാകും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുകയെന്ന ചർച്ചയും സജീവമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സാധ്യത കൂടുതൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന് തന്നെയാണ്. നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ എക്‌നാഥ് ഷിൻഡെ ഭരണസാരഥിയായി തുടരാനുള്ള സാധ്യത കുറവാണ്. അതേസമയം, ബിജെപിക്ക് ഇത്ര വലിയ വിജയം മഹാരാഷ്ട്രയിൽ നേടാനായതിന് പിന്നിൽ ഷിൻഡെ വിഭാഗം ശിവസേനയുടെയും അജിത് പവാർ വിഭാഗം എൻസിപിയുടേയും പിന്തുണ വലുതാണ്.