
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രീമിലെയർ വരുമാന പരിധി ഉയർത്താൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ. ഒബിസി വിഭാഗത്തെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വരുമാന പരിധി 15 ലക്ഷമാക്കി ഉയര്‍ത്താനാണ് തീരുമാനം. സംസ്ഥാനത്തെ പട്ടികജാതി കമ്മീഷന് ഭരണഘടനാ പദവി നല്‍കാനും മഹായുതി സർക്കാരിൻ്റെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ബിജെപിയും ഷിന്‍ഡെ വിഭാഗം ശിവസേനയും നയിക്കുന്ന മഹായുതി സഖ്യസര്‍ക്കാരിൻ്റെ നീക്കം. ഒബിസി-പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി വിജയിച്ച 'ഹരിയാന മോഡല്‍' മഹാരാഷ്ട്രയിലും നടപ്പിലാക്കാനാണ് ബിജെപി ആലോചിക്കുന്നത്.
ഒബിസി വിഭാഗത്തിനെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുന്നതിൻ്റെ വരുമാന പരിധി എട്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന പട്ടികജാതി കമ്മീഷന് ഭരണഘടനാ പദവി നൽകുന്ന ഓർഡിനൻസിനും സർക്കാർ അംഗീകാരം നൽകി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഓര്‍ഡിനന്‍സ് അവതരിപ്പിക്കും. കമ്മീഷൻ പാനലിനായി 27 തസ്തികകളും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. നേരത്തെ ഹരിയാനയിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രീമിലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷമായി ഉയർത്തിയിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യവും, മഹായുതി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ മഹാ വികാസ് സഖ്യത്തിൻ്റെ സീറ്റ് വിഭജന ചർച്ചകളിൽ മേൽക്കൈ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കോൺഗ്രസ്.