മഹാവികാസ് അഘാഡിയും മഹായുതിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് മഹാരാഷ്ട്രയില്‍ നടക്കാന്‍ പോകുന്നത്.
മഹാവികാസ് അഘാഡിയും മഹായുതിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് മഹാരാഷ്ട്രയില്‍ നടക്കാന്‍ പോകുന്നത്. കൊമ്പുകോര്‍ക്കാന്‍ ശിവസേനകളും എന്‍സിപികളും ഒരുങ്ങിക്കഴിഞ്ഞു. കരുത്ത് തെളിയിച്ച് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്ധവിന്റെ ശിവസേന. ഭരണ തുടര്‍ച്ച പ്രതീക്ഷിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ഭരിക്കുന്ന മഹായുതി സഖ്യം. നിയമസഭാ പോരാട്ടത്തിന് ബിജെപി സഖ്യം ഇറങ്ങുമ്പോള്‍ ഉദ്ധവ് താക്കറെയ്ക്കും മഹാ അഘാഡി സഖ്യത്തിനും നോക്കിനില്‍ക്കാനുമാവില്ല. അതിനാല്‍ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 105 ഉം ശിവസേന 56 ഉം സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തിലെത്തി. കോണ്‍ഗ്രസ് 44 ഉം, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി 54 ഉം സീറ്റുകള്‍ നേടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 48 ലോക്‌സഭാ സീറ്റുകളില്‍ 30 എണ്ണവും കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി (ശരദ് പവാര്‍) സഖ്യം സ്വന്തമാക്കി. എന്നാല്‍ ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിന്റേയും പഴയ വീര്യം ഇപ്പോഴില്ലെന്ന ആശങ്ക മൊത്തത്തില്‍ സഖ്യത്തെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നത് മഹായുതിയില്‍ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. വ്യക്തിപരമായി ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. രാജ്യസഭാംഗത്വം തീരുന്ന മുറയ്ക്ക് തുടര്‍ന്ന് അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറാനാണ് നീക്കമെന്നും പറയുന്നു. ഇത് സംഭവിക്കുമോ എന്നുറപ്പില്ല. കാരണം അധികാര രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റുകള്‍ പതിവുള്ളതല്ല. ശിവസേനയുടെ പുതിയ മുഖമായി ആദിത്യ താക്കറെയെ പാര്‍ട്ടിത്തന്നെ രംഗത്ത് അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഉദ്ധവിന്റെ കരുത്തും പാര്‍ട്ടിയുടെ തിരിച്ചുവരവും തെളിയിക്കേണ്ടത് ശിവസേനയുടെ രാഷ്ട്രീയാവശ്യമാണ്.
വിമതര്‍ ഉയര്‍ത്തുന്ന വെല്ലുവിളി
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ച ഘട്ടത്തില്‍ വിമതര്‍ ഉയര്ത്തിയ വെല്ലുവിളി ഇരു മുന്നണികള്‍ക്കും തലവേദനയായിരുന്നു. പക്ഷെ ഇവരില്‍ ഭൂരിഭാഗം പേരെയും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറ്റാന്‍ സാധിച്ചു എന്നത് മഹായുതിക്കും മഹാവികാസ് അഘാഡിക്കും ആശ്വാസമായി. എങ്കിലും പല മണ്ഡലങ്ങളിലും വിമത ഭീഷണി ശക്തമാണ്. ഇരുമുന്നണികള്‍ക്കുമായി ഏകദേശം 90ഓളം വിമതരുടെ വെല്ലുവിളിയാണ് നിലനിന്നിരുന്നത്. ഭരണകക്ഷിയായ മഹായുതി സഖ്യത്തിലെ 25 വിമത സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയത്. 288 അംഗ നിയമസഭയില്‍ ബിജെപിയുടെ 13, ശിവസേനയുടെ 6, എന്‍സിപിയുടെ 6. അവശേഷിക്കുന്ന 18 വിമതരില്‍ 9 പേര്‍ ബിജെപിയില്‍ നിന്നും 6 പേര്‍ ശിവസേനയില്‍ നിന്നും 3 പേര്‍ എന്‍സിപിയില്‍ നിന്നുമുള്ളവരാണ്. പ്രതിപക്ഷമായ മഹാവികാസ് അഘാഡിയിലെ 20 വിമത സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്. കോണ്‍ഗ്രസിന്റെ 9, ശിവസേന (യുബിടി)യുടെ 7, എന്‍സിപി (എസ്പി) യുടെ 4. അവശേഷിക്കുന്ന 22 വിമതരില്‍ , 7 പേര്‍ കോണ്‍ഗ്രസില്‍ നിന്നും 11 പേര്‍ ശിവസേനയില്‍ നിന്നും (UBT) 4 പേര്‍ എന്‍സിപിയില്‍ (SP) നിന്നുമുള്ളവരാണ്.
പഴയ ചേരിയുടെ പരസ്പര പോരാട്ടം
ആകെയുള്ള 288 സീറ്റുകളിലേക്കായി മത്സര രംഗത്തുള്ളത് 7994 സ്ഥാനാര്‍ഥികളാണ്. ഇതില്‍ ബിജെപി മത്സരിക്കുന്നത് 148 സീറ്റുകളിലേക്കും. ഭരണകക്ഷിയായ മഹായുതിയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 83 സീറ്റില്‍ മത്സരിക്കും. അജിത് പവാറിന്റെ എന്‍സിപിയില്‍ നിന്ന് 54 സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്. മറ്റ് ചെറുപാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകളും നല്‍കി. മഹാ വികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 103 സീറ്റുകളിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന 94 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം 87 സീറ്റുകളിലും രണ്ട് വീതം സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും സിപിഐഎമ്മും മത്സരിക്കുന്നു.
ശിവസേന VS ശിവസേന, എന്‍സിപി VS എന്‍സിപി
2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും തമ്മിലായിരുന്നു പോരാട്ടം അതായത് പിളര്‍പ്പിന് മുമ്പ്. എന്നാല്‍ ഇത്തവണ ശിവസേനയിലെ രണ്ടുപക്ഷം പരസ്പരം ഏറ്റുമുട്ടുന്നു. എന്‍സിപിയിലും നേര്‍ക്കുനേര്‍ തന്നെ പോരാട്ടം. ശിവസേനകള്‍ കൊമ്പുകോര്‍ക്കുന്ന 53 സീറ്റില്‍ 44 ഇടത്തും രംഗത്തുള്ളത് സിറ്റിങ് എംഎല്‍എമാരാണ്. പിളര്‍പ്പിനുമുമ്പ് ശിവസേനയ്ക്ക് 56 എംഎല്‍എ.മാരുണ്ടായിരുന്നു. ഇതില്‍ 41 പേരാണ് നിലവില്‍ ഷിന്‍ഡെയ്‌ക്കൊപ്പമുള്ളത്. 15 പേര്‍ ഉദ്ധവ് താക്കറെക്കൊപ്പം. പാല്‍ഘറില്‍ നിന്നുള്ള ശ്രീനിവാസ് വാംഗ, ലോക്സഭയിലേക്ക് ജയിച്ച രവീന്ദ്ര വൈക്കര്‍, സന്ദീപന്‍ ഭുമ്രെ എന്നിവരൊഴിച്ച് ബാക്കി 38 പേരെയും ഷിന്‍ഡെ സ്ഥാനാര്‍ഥിയാക്കി. ഷിന്‍ഡെ മത്സരിക്കുന്ന താനെയിലെ കോപ്രി-പഞ്ച്പഖാഡി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഗുരു ആനന്ദ് ദിഘെയുടെ അനന്തരവന്‍ കേദാര്‍ ദിഘെയെയാണ് ഉദ്ധവ് പക്ഷം സ്ഥാനാര്‍ഥിയാക്കിയത്. വര്‍ളിയില്‍ ഉദ്ധവ് താക്കറെയുടെ മകനും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെക്കെതിരേ മത്സരിക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ ഷിന്‍ഡെ പക്ഷ രാജ്യസഭാഗംവുമായ മിലിന്ദ് ദേവ്റയാണ്. മുംബൈ മെട്രോപ്പൊളിറ്റന്‍ പ്രദേശത്ത് ഇരുസേനകളും ഏറ്റുമുട്ടുന്നത് 20 സീറ്റിലാണെന്നത് പോരാട്ടം കടുപ്പിച്ചു.
മറ്റൊരു പ്രധാന കേന്ദ്രമായ കൊങ്കണില്‍ ആറ് സീറ്റിലും. അജിത് പവാര്‍ ശരദ് പവാര്‍ എന്‍സിപികള്‍ നേരിട്ട് ഏറ്റുമുട്ടുന്നത് 36 ഇടങ്ങളില്‍. 15 മണ്ഡലങ്ങള്‍ പശ്ചിമ മഹാരാഷ്ട്രയിലും ഏഴ് സ്ഥലങ്ങള്‍ വടക്കന്‍ മഹാരാഷ്ട്രയിലും...മറാത്ത്വാഡയില്‍ 5, വിദര്‍ഭയില്‍ 4, മുംബൈയില്‍ 1, മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ 2, കൊങ്കണില്‍ 2. അതില്‍ എടുത്തു പറയേണ്ടതാണ് ബാരാമതിയിലെ മത്സരം. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ മകന്‍ യുഗേന്ദ്ര പവാറാണ് ബാരാമതിയില്‍ അജിത് പവാറിന്റെ എതിര്‍ സ്ഥാനാര്‍ഥി. അജിത് പവാര്‍ 35 സിറ്റിങ് എംഎല്‍എമാര്‍ക്കും ശരദ് പവാര്‍ 15 സിറ്റിങ് എംഎല്‍എമാര്‍ക്കുമാണ് സ്ഥാനാര്‍ഥിത്വം നല്‍കിയത്.
കുടുംബവാഴ്ച
മോദിയും അമിത് ഷായും കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കാത്ത പ്രസംഗങ്ങളില്ല. എന്നാല്‍ മഹാരാഷ്ട്രയിലെ ഇരുസഖ്യങ്ങളിലും നേതാക്കളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായി നിരവധി പേര്‍ പട്ടികയിലിടം നേടിയിട്ടുണ്ട്. ബിജെപി ഇതില്‍ നിന്ന് വ്യത്യസ്തരല്ലെന്ന് ചുരുക്കം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മകള്‍ ശ്രീജയ ചവാന്‍ പരമ്പരാഗത മണ്ഡലമായ ഭോക്കറില്‍ നിന്ന് മത്സരിക്കും. മലാഡ് വെസ്റ്റില്‍ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ ആശിഷ് ഷെലാറിന്റെ സഹോദരന്‍ വിനോദ് ഷെലാറിനെയാണ്. ആശിഷ് ഷെലാര്‍ വീണ്ടും മത്സരിക്കുക ബാന്ദ്ര വെസ്റ്റില്‍ നിന്നാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഹല്യനഗര്‍ ജില്ലയിലെ ശ്രീഗൊണ്ട മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എം.എല്‍.എ ബാബന്റാവു മത്സരിക്കുന്നില്ല. പകരം ഭാര്യ പ്രതിഭ പച്ച്പുട്ടെയെയാണ് മത്സരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ശിവസേന പ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്ത കല്യാണ്‍ ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എ ഗണ്‍പത് ഗെയ്ക്വാദ് ജയിലിലാണ്. ഗണപതിന് പകരം ഭാര്യ സുല്‍ഭ ഇവിടെ മത്സരിക്കും.
മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായ നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയാണ് കങ്കാവലിയില്‍ സ്ഥാനാര്‍ത്ഥി. പുനെയിലെ ചിഞ്ച്വാഡില്‍, അന്തരിച്ച പാര്‍ട്ടി നേതാവ് ലക്ഷ്മണ്‍ ജഗ്താപിന്റെ ഭാര്യയും സിറ്റിങ് എംഎല്‍എയുമായ അശ്വിനി ജഗ്താപിനെ മാറ്റി സഹോദരന്‍ ശങ്കര്‍ ജഗ്താപിന് ബിജെപി ടിക്കറ്റ് നല്‍കി ഇത്തവണ. ബിജെപി സഖ്യകക്ഷികളുടെ കാര്യവും വ്യത്യസ്തമല്ല. മന്ത്രി ഉദയ് സാമന്തിന്റെ സഹോദരന്‍ കിരണ്‍ സാമന്തിനെ രത്നഗിരിയിലെ രാജാപൂര്‍ സീറ്റില്‍ നിന്ന് ഷിന്‍ഡെ ശിവസേനാ പക്ഷം മത്സരിപ്പിക്കും. ലോക്സഭാ എംപിമാരായ സന്ദീപന്‍ ഭൂമാരെ, രവീന്ദ്ര വൈക്കര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കും ശിവസേന സീറ്റ് നല്‍കി. എന്‍സിപി അജിത് പവാര്‍ പക്ഷം പാര്‍ട്ടി എംഎല്‍സിയായി പങ്കജ് ഭുജ്ബലിനെ നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു. നാസിക് ജില്ലയിലെ യോല മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഛഗന്‍ ഭുജ്ബലിന്റെ മകനാണ് പങ്കജ്.
ഒബിസി-ക്രീമിലെയര്‍ രാഷ്ട്രീയം
ഒബിസി-പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി വിജയിച്ച 'ഹരിയാന മോഡല്‍' മഹാരാഷ്ട്രയിലും പരീക്ഷിക്കുകയാണ് ബിജെപി. ഒബിസി നോണ്‍ ക്രീമിലെയര്‍ വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്താന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മദ്രസ അധ്യാപകരുടെ മാസവേതനവും പരിഷ്‌കരിച്ചു. എല്ലാ വിഭാഗത്തേയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടെ നിര്‍ത്താനുള്ള നീക്കമായിരുന്നു ഇത്. ഈ തീരുമാനങ്ങളെല്ലാം വോട്ടായി മാറുമെന്നാണ് ബിജെപി-ഷിന്‍ഡെ-അജിത് പവാര്‍ സഖ്യം പ്രതീക്ഷിക്കുന്നത്.