
നടൻ സുശാന്ത് സിങ് രജ്‌പുത്തിൻ്റെ മാനേജർ ദിഷ സാലിയൻ്റെ മരണത്തിൽ ആദിത്യക്കെതിരെ ആരോപണമുയർന്നതിൽ മഹായുതി സഖ്യത്തിൽ അഭിപ്രായഭിന്നത. മരണത്തിൽ പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടതോടെയാണ് കേസ് വീണ്ടും ചർച്ചയാകുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും ഗൂഢാലോചനയിൽ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെക്ക് പങ്കുണ്ടെന്നുമാണ് ദിഷയുടെ കുടുംബത്തിന്റെ ആരോപണം. ആദിത്യയുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് ദിഷയുടെ പിതാവ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
2020 ജൂണിലാണ് ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച നിലയില്‍ ദിഷയെ കണ്ടെത്തിയത്. എന്നാൽ ദിഷ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടെന്നും മകളെ കൊല ചെയ്തതാണ് എന്നുമാണ് പിതാവിൻ്റെ പരാതി. കേസിൽ ആദിത്യയുടെ പങ്ക് അന്വേഷണസംഘവും കോടതിയും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി. എന്നാൽ മരണത്തിന് എന്തെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നാണ് മഹായുതി സഖ്യത്തിലെ ഷിൻഡെ പക്ഷം ശിവസേനാ നേതാവ് സഞ്ജയ് ഗെയ്ക് വാദ് പറഞ്ഞത്.
നേരത്തെ നടന്ന അന്വേഷണത്തിൽ ആദിത്യക്കെതിരെ തെളിവുണ്ടായിരുന്നില്ല. ഇതൊരു ക്രിമിനൽ കേസാണ്. ഇത്തരം കേസുകളിൽ രാഷ്ട്രീയ നേതാക്കളെ അനാവശ്യമായി വലിച്ചിഴക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ സുധീർ മംഗൻത്തിവാറും വ്യക്തമാക്കി. ഇതോടെയാണ് ഭിന്നത പുറത്തുവന്നത്.
എന്നാൽ നാഗ്പുരിൽ വർഗീയ കലാപശ്രമം നടത്തിയ ബിജെപി, ഔറംഗസീബ് വിഷയത്തിൽ എതിർപ്പ് നേരിട്ടതോടെ ശ്രദ്ധ തിരിച്ചുവിടാൻ പഴയ കേസ് കുത്തിപ്പൊക്കുന്നതെന്നാണ് ശിവസേന ഉദ്ധവ് പക്ഷത്തിന്റെ ആരോപണം. ബിജെപി രാഷ്ട്രീയ വൈരാഗ്യം കാണിക്കേണ്ടത് ഇത്രയും വൃത്തികെട്ട രീതിയിൽ ആവരുതെന്ന് നേതാക്കൾ പറഞ്ഞു. ആദിത്യ താക്കറെയെ രാഷ്ട്രീയമായി നശിപ്പിക്കാനും വ്യക്തിഹത്യ നടത്തി അപമാനിക്കാനുമുള്ള നീക്കമാണിതെന്നും ശിവസേന ഉദ്ധവ് പക്ഷം നേതാക്കൾ പ്രതികരിച്ചു. ഔറംഗസീബിന്റെ ശവകുടീരം തകർക്കണമെന്ന ബജ്റംഗദൾ, വിഎച്ച്പി ആവശ്യത്തെ തുടർന്നുണ്ടായ കലാപശ്രമം അവസാനിപ്പിക്കണമെന്ന് മുതിർന്ന ആർഎസ്എസ് നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു.