
അവള്‍ ഇനി വൃത്തിയാക്കാന്‍ ഒന്നും ബാക്കിയില്ല. വലിയ വീട് മുതല്‍ വൃത്തിക്കെട്ട ടോയിലെറ്റുകള്‍ വരെ നീളുന്നു അവള്‍ വൃത്തിയാക്കിയതെല്ലാം. എല്ലാം അവളുടെ മകള്‍ക്ക് വേണ്ടി മാത്രം. അതെ അലെക്‌സ് എന്ന 25 വയസുകാരിയായ സിംഗിള്‍ മദര്‍ തന്റെ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. മകള്‍ക്ക് വേണ്ടി മാത്രം
മെയ്ഡ് എന്ന നെറ്റ്ഫ്‌ലിക്‌സ് മിനി സീരീസ് ആരംഭിക്കുന്നത് മാര്‍ഗ്രെറ്റ് ക്വാലി അവതരിപ്പിച്ച അലെക്‌സ് തന്റെ ഇമോഷണലി അബ്യൂസീവായ ബോയ്ഫ്രണ്ട് ഷോണിന് അടുത്ത് നിന്ന് മകള്‍ മാഡിയേയും കൊണ്ട് രാത്രി ആരും അറിയാതെ രക്ഷപ്പെട്ട് പോകുന്നിടത്താണ്. പിന്നീട് നമ്മള്‍ കാണുന്നത് അവള്‍ ജീവിക്കാനായി വീട്ടുജോലിക്കാരിയായി മാറുന്നതാണ്.
സ്‌റ്റെഫനി ലാന്‍ഡിന്റെ മെയ്ഡ് എന്ന മെമ്മോയറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മോളി സ്മിത്ത് മെറ്റ്‌സ്ലെര്‍ മെയ്ഡ് എന്ന സീരീസ് നിര്‍മിച്ചിരിക്കുന്നത്. നമ്മള്‍ സാധാരണ കണ്ട് മറക്കുന്ന സ്ത്രീകളുടെ കഥ തന്നെയാണ് അലെക്‌സിലൂടെ മോളി സ്മിത്ത് പറയാന്‍ ശ്രമിക്കുന്നത്.
അലെക്‌സ് ഇമോഷണല്‍ അബ്യൂസിന്റെ ഇരയാണ്. എന്നാല്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുന്നിടത്ത് താന്‍ ഉള്‍പ്പെടുന്നു എന്ന് അവള്‍ വിശ്വസിക്കുന്നില്ല. അവള്‍ കരുതുന്നത് അത് യഥാര്‍ത്ഥത്തില്‍ ഉപദ്രവിക്കപ്പെട്ട ഒരു സ്ത്രീയുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണ്. സീരീസില്‍ അവളോട് ഒരു സാമൂഹ്യ പ്രവര്‍ത്തക, ഇപ്പോഴും വൈകിയിട്ടില്ല, പൊലീസില്‍ പരാതിപ്പെടാന്‍ എന്ന് പറയുമ്പോള്‍, അലെക്‌സ് ചോദിക്കുന്നത്, എന്നിട്ട് എന്തിനാണ് അവന്‍ എന്നെ തല്ലിയില്ലെന്ന് പറയാനോ എന്നാണ്. അവള്‍ പീഡനത്തിന്റെ ഇരയാണെന്ന് അലെക്‌സ് വിശ്വസിക്കുന്നില്ല. അലെക്‌സ് അവളെ തന്നെ വിലയില്ലാതെയാണ് കാണുന്നത്. ആരുടെയെങ്കിലും സഹായത്തിന് അര്‍ഹയാണെന്നോ, സ്‌നേഹത്തിന് അര്‍ഹയാണെന്നോ അവള്‍ വിശ്വസിക്കുന്നില്ല.
മൂന്ന് വയസുള്ള മകളുമായി അന്ന് രാത്രി ഷോണിനടുത്ത് നിന്നും രക്ഷപ്പെട്ട് പോകുമ്പോള്‍ അവള്‍ക്ക് വീട് നഷ്ടപ്പെടുകയും കൂടിയാണ് ചെയ്യുന്നത്. ഡൊമസ്റ്റിക് അബ്യൂസ് ഷെല്‍റ്റര്‍ ഹോമില്‍ അവള്‍ എത്തിപ്പെടുന്നുണ്ടെങ്കിലും ജീവിക്കാനും മകളുടെ കസ്റ്റഡി തനിക്ക് ലഭിക്കാനുമായി അലെക്‌സിന് ജോലി അന്വേഷിക്കേണ്ടി വരുകയാണ്. അങ്ങനെയാണ് അവള്‍ വാല്യൂ മെയ്ഡ് എന്ന പ്രോഗ്രാമിനെ കുറിച്ച് അറിയുന്നതും മെയ്ഡായി ജോലിക്ക് പോകാന്‍ ആരംഭിക്കുന്നതും.
അലെക്‌സിന്റെ ജീവിതത്തില്‍ വില്ലനായി എത്തുന്നത് രണ്ട് കാര്യങ്ങളാണ്. ദാരിദ്ര്യവും ഉപദ്രവകാരിയായ പാര്‍ട്ണറും. ലോകത്തില്‍ അലെക്‌സ് ഒറ്റയ്‌ക്കൊന്നുമല്ല ശരിക്കും പറഞ്ഞാല്‍. എന്നാല്‍ അവള്‍ക്ക് അവളുടെ കുടുംബത്തെയോ, പാര്‍ട്ണറേയോ സുഹൃത്തുക്കളെയോ ആശ്രയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അലെക്‌സിന് ജീവിതത്തില്‍ ഒരൊറ്റ ആഗ്രഹമെയുള്ളൂ. മകള്‍ക്ക് തന്നേക്കാളും മികച്ച ഒരു കുട്ടിക്കാലം നല്‍കണം എന്നത്.
അലെക്‌സ് മകളുമായി രക്ഷപ്പെട്ട് പോന്ന ദിവസം തന്റെ കാറില്‍ ഒരു പാര്‍ക്കിംഗ് ലോട്ടിലാണ് രാത്രി ചിലവഴിച്ചത്. അവിടെ വെച്ച് ഒരു പൊലീസുകാരനാണ് അലെക്‌സിനെയും മകളെയും സാമൂഹ്യ പ്രവര്‍ത്തകരുടെ അടുത്തേക്ക് എത്തിക്കുന്നത്. അവിടെ വെച്ച് തന്റെ കുടുംബത്തോടൊപ്പം താമസിക്കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് അലെക്‌സ് സാമൂഹ്യ പ്രവര്‍ത്തകയോട് പറയുന്നു. അവളുടെ അമ്മ പൗളയ്ക്ക് ബൈപോളാര്‍ ആണ്. അതുമാത്രമല്ല അവര്‍ ഒരു വാനിലാണ് ജീവിക്കുന്നത്. ജീവിതത്തെ ഒട്ടും സീരിയസായി കാണാത്ത ഒരു സ്ത്രീയാണ് അവര്‍. പിന്നെ അവളുടെ അച്ഛന്‍ ഹാങ്കിനേയും അലെക്‌സിന് ആശ്രയിക്കാന്‍ സാധിക്കില്ല.
അലെക്‌സിന് ജോലിക്ക് പോകണമെങ്കില്‍ അവള്‍ക്ക് മകളെ ഡേകെയറില്‍ വിടണം. എന്നാല്‍ ദാരിദ്ര്യം കാരണം അവള്‍ക്ക് ഡേകെയര്‍ എന്ന ഓപ്ഷന്‍ എടുക്കാന്‍ സാധിക്കില്ല. പിന്നെ അവള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് മകളെ തന്റെ അമ്മയുടെ അടുത്ത് നിര്‍ത്തി പോവുക എന്നതാണ്. സീരീസില്‍ വാല്യൂമെയിഡിന്റെ ഇന്റര്‍വ്യൂവിന് പോകുമ്പോഴാണ് ആദ്യമായി അലെക്‌സ് മാഡിയെ അമ്മയുടെ അടുത്ത് ആക്കി പോകുന്നത്. അപ്പോള്‍ അവള്‍ കൃത്യമായി പറയുന്നുണ്ട്, എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഷോണിനെ വിളിക്കരുത് എന്നെ വിളിക്കണം എന്ന്. ഷോണ്‍ ഒരിക്കല്‍ പോലും അവളെയോ മാഡിയേയോ തല്ലിയിട്ടില്ല. എന്നാല്‍ ഇനി അടുത്തത് ഷോണ്‍ ചെയ്യാന്‍ പോകുന്നത് അതായിരിക്കും എന്ന തിരിച്ചറിവില്‍ നിന്നാണ് അലെക്‌സ് അന്ന് വീട് വിട്ട് ഇറങ്ങിയത്.
ALSO READ: മിഥുനം : സുലോചനയും ഉട്ടോപ്യന്‍ ലോകവും
വാല്യൂ മെയിഡിന്റെ ഇന്റര്‍വ്യൂവിന് ശേഷം അലെക്‌സിന് ലഭിക്കുന്ന ആദ്യത്തെ ക്ലൈന്റ് ഒരു സമ്പന്നയായ സ്ത്രീയാണ്. റെജീന എന്നാണ് അവരുടെ പേര്. തുടക്കത്തില്‍ റെജീന അലെക്‌സിനെ വെറും ജോലിക്കാരിയായി മാത്രമാണ് കാണുന്നത്. എന്നാല്‍ സീരീസ് മുന്നോട്ട് പോകുന്നത് അനുസരിച്ച് അവര്‍ തമ്മില്‍ കൂടുതലായി അടുക്കുകയാണ് ചെയ്യുന്നത്. റെജീനയ്ക്ക് പണമുണ്ട്, അവള്‍ക്ക് ഒരു കുടുംബമാണ് വേണ്ടത്. എന്നാല്‍ ഭര്‍ത്താവില്ലാതെ കുഞ്ഞിനെ വളര്‍ത്തുന്ന കാര്യത്തില്‍ ഭയങ്കരമായ പേടി അനുഭവിക്കുന്നുണ്ട് റെജീന. അലെക്‌സിന് നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും അമ്മ എന്ന റോള്‍ വളരെ മികവുറ്റ രീതിയില്‍ ചെയ്തുപോകാന്‍ അവള്‍ക്ക് സാധിക്കുന്നുണ്ട്. അമ്മയായി മാറുക എന്ന കാര്യത്തിലാണ് റെജീനയ്ക്ക് ഏറ്റവും പേടിയുള്ളത്. അക്കാര്യത്തില്‍ അലെക്‌സ് റെജീനയെ സഹായിക്കുകയും ചെയ്യുന്നു. പിന്നീട് തിരിച്ചും റെജീന അലെക്‌സിനെ സഹായിക്കുന്നുണ്ട്.
വീടുകള്‍ വൃത്തിയാക്കുന്നത് മുതല്‍ മകളെ നോക്കുന്നത് വരെ നീളുന്നു അലെക്‌സിന്റെ ഉത്തരവാദിത്തങ്ങള്‍. സീരീസില്‍ ഉടനീളം അലെക്‌സ് ഓടിനടക്കുകയാണ് ചെയ്യുന്നത്. കോടതിയില്‍ വെച്ച് മാഡിയുടെ കസ്റ്റഡി നഷ്ടപ്പെടുമ്പോഴും അലെക്‌സില്‍ ആ വേഗത നമുക്ക് കാണാന്‍ സാധിക്കും. കരയാനും ഇമോഷണല്‍ ആവാനും ഒന്നിനും ശരിക്കും അവള്‍ക്ക് സമയമില്ല. അടുത്ത കാര്യം ചെയ്യുക എന്നതല്ലാതെ അവള്‍ക്ക് മറ്റൊരു ഒപ്ക്ഷനുമില്ല. മകളുടെ കാര്യം നോക്കണം, ജോലിക്ക് പോണം, അതോടൊപ്പം അമ്മയെയും നോക്കണം.... ഇതെല്ലാം കാരണം തനിക്ക് വേണ്ടി സമയം കണ്ടെത്താന്‍ അലെക്‌സിന് ഒരിക്കലും സാധിക്കുന്നില്ല.
തന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോഴാണ് അലെക്‌സ് വീണ്ടും ഷോണിന്റെ അടുത്തേക്ക് തിരിച്ച് പോകുന്നത്. നെയ്റ്റ് എന്ന സുഹൃത്ത് നല്‍കിയ ഒരു കാറ് മാത്രമെ അലെക്‌സിന് സ്വന്തമായിട്ടുള്ളൂ. പക്ഷെ ഷോണ്‍ അലെക്‌സ് വീട്ടിലെത്തി പിറ്റേ ദിവസം തന്നെ ആ കാറ് നെയ്റ്റിന് തിരിച്ച് നല്‍കുന്നു. അതായത് വീണ്ടും അവളെ ഷോണ്‍ ആ വീട്ടില്‍ ട്രാപ്പ് ചെയ്യുകയാണ്. അതിനിടയില്‍ അലെക്‌സിന് മോണ്‍ടാന യൂണിവേഴ്‌സിറ്റിയില്‍ ക്രിയേറ്റീവ് റൈറ്റിംഗിനുള്ള അഡ്മിഷന്‍ ശരിയാവുന്നുണ്ട്. എന്നാല്‍ ഷോണിന്റെ വീട്ടില്‍ വീണ്ടും അകപ്പെട്ട അലെക്‌സിന് ഫൈറ്റ് ചെയ്യാനുള്ള ശക്തി പോലും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ദിവസങ്ങളോളം അലെക്‌സ് ഷോണിന്റെ വീട്ടില്‍ ഡിപ്രെഷന്‍ ബാധിച്ച് കിടക്കുകയാണ്. ഒരു ദിവസം ഷോണ്‍ വീട്ടിലേക്ക് മദ്യപിച്ച് വന്ന ശേഷം വഴക്കുണ്ടാക്കുകയും ഒരു ജഗ്ഗ് എടുത്ത് അലെക്‌സിന് നേരേ എറിയുകയും ചെയ്യുന്നു. ആ നിമിഷം തന്നെ അലെക്‌സ് മാഡിയേയും എടുത്തുകൊണ്ട് ആ വീട്ടില്‍ നിന്ന് ഇറങ്ങുകയാണ് ചെയ്യുന്നത്. വീണ്ടും അവള്‍ ഡൊമെസ്റ്റിക് അബ്യൂസ് ഷെല്‍റ്ററില്‍ എത്തിപ്പെടുന്നു.
ALSO READ: HIGHWAY : വീരയുടെ യാത്ര
അവിടെ വെച്ചാണ് അലെക്‌സ് മോണ്‍ടാനയിലേക്ക് പോകാനുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാല്‍ ഷോണ്‍ അപ്പോഴും മാഡിയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാതെ നില്‍ക്കുകയാണ്. അവന്‍ വീണ്ടും കേസ് കോടതിയിലേക്ക് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവസാനം ഷോണ്‍ തന്റെ തെറ്റ് മനസിലാക്കി മാഡിയുടെ ഫുള്‍ കസ്റ്റഡി അലെക്‌സിന് തന്നെ നല്‍കുന്നു. തുടര്‍ന്ന് മാഡിയും അലെക്‌സും മോണ്‍ടാനയിലേക്ക് യാത്ര തിരിക്കുന്നിടത്താണ് സീരീസ് അവസാനിക്കുന്നത്.
അലെക്‌സ് എന്ന പോരാളിയുടെ കഥയാണ് മെയിഡ്. നമ്മള്‍ സാധാരണ കണ്ടു മറക്കുന്ന എത്രയോ സ്ത്രീകളുടെ പ്രതിഫലനമാണ് അലെക്‌സ്. വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയാകേണ്ടി വന്ന സ്ത്രീകള്‍ എത്രയോ നമുക്ക് ചുറ്റുമുണ്ട്. അബ്യൂസീവായ ബന്ധങ്ങളില്‍ അകപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാതെ നില്‍ക്കുന്ന ഒരുപാട് സ്ത്രീകളെ നമുക്ക് അറിയാം. അവര്‍ക്കെല്ലാം പ്രചോദനമേകുന്ന കഥാപാത്രം കൂടിയാണ് മെയിഡിലെ അലെക്‌സ്. പ്രതിസന്ധികള്‍ വന്നപ്പോഴെല്ലാം അലെക്‌സ് ധൈര്യത്തോടെ അതിനെയെല്ലാം നേരിട്ടു. തന്റെ മകള്‍ക്ക് നല്ലൊരു ജീവിതം കൊടുക്കാന്‍ മാത്രമെ അവള്‍ ആഗ്രഹിച്ചിട്ടുള്ളൂ. അതിന് വേണ്ടിയാണ് അവള്‍ നിരന്തരം പരിശ്രമിച്ചതും. അതില്‍ അലെക്‌സ് വിജയിക്കുകയും ചെയ്യുന്നുണ്ട്.