അതേസമയം, ഭിന്നിപ്പുണ്ടാക്കാനുള്ള യാക്കോബായ പാത്രിയർക്കീസിന്റെ തന്ത്രം മലങ്കര ഓർത്തഡോക്സ് സഭ തള്ളുന്നുവെന്ന് മെത്രാപോലീത്തമാർ പ്രതികരിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തേക്ക് എന്ന ന്യൂസ് മലയാളം വാർത്ത ശരി വെച്ച് മലങ്കര ഓർത്തഡോക്സ്, യാക്കോബായ സഭകൾ. പാത്രിയർക്കീസുമാരുടെ നടപടി സ്വാഗതം ചെയ്ത് യാക്കോബായ സഭയും, പാത്രിയർക്കീസുമാരെ കടുത്ത ഭാഷയിൽ വിമർശിച്ച് ഓർത്തഡോക്സ് സഭയും രംഗത്തെത്തി. ഭിന്നിപ്പുണ്ടാക്കാനുള്ള യാക്കോബായ സഭ പാത്രിയർക്കീസിന്റെ തന്ത്രം മലങ്കര ഓർത്തഡോക്സ് സഭ തള്ളുന്നുവെന്ന് മെത്രാപോലീത്തമാർ പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പൊതുവേദി നിലവിലില്ലെന്നും, ചേർന്നത് പ്രാദേശിക യോഗമെന്നുമാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.
ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പൊതുവേദി ഉണ്ടാക്കാൻ മുന്നിട്ട് നിന്നത് മലങ്കര ഓർത്തഡോക്സ് സഭയായിരുന്നു. എന്നാൽ 2017 മുതൽ യാക്കോബായ പാത്രിയർക്കീസ് ഈ പ്ലാറ്റ്ഫോമിൽ പിടിമുറുക്കി. ഇതോടെ ഈ കൂട്ടായ്മയുടെ അരിക് ഭാഗത്തേക്ക് ഓർത്തഡോക്സ് സഭ മാറിയിരുന്നു. ഈ കൂട്ടായ്മയേക്കാൾ റഷ്യൻ ഓർത്തഡോക്സ് സഭയുമായും, കത്തോലിക്ക സഭയുമായും കൂടുതൽ സഹകരണത്തിന്റെ സാധ്യതകളാണ് മലങ്കര ഓർത്തഡോക്സ് സഭ തേടിയത്. ഇതിനിടെയാണ് ഈ തിരിച്ചടി നേരിട്ടത്.
നാളിതു വരെ എല്ലാ വേദികളിലും ബാവാ കക്ഷിയെ വിശേഷിപ്പിക്കാൻ മെത്രാൻ കക്ഷികൾ ഉപയോഗിച്ചിരുന്ന വിഘടിത വിഭാഗമെന്ന വിശേഷണം ആഗോളതലത്തിൽ തങ്ങൾക്കെതിരെ പാത്രിയർക്കീസുമാർ ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ഇതിനൊപ്പം ഇന്ത്യൻ യാക്കോബായ സുറിയാനി സഭയ്ക്ക് വേണ്ടി കാതോലിക്കയായി ജോസഫ് ഒന്നാമനെ വാഴിച്ചതിന് ഇതര സഭകൾ നൽകിയ അംഗീകാരവും ഓർത്തഡോക്സ് സഭയെ ചൊടിപ്പിച്ചു. ഇതിന് പുറമെ ഓർത്തഡോക്സ് സഭയ്ക്ക് കൂദാശ മുടക്ക് ഏർപ്പെടുത്തിയ യാക്കോബായ പാത്രിയർക്കീസിന്റെ കൽപ്പന ഇതര പാത്രിയർക്കീസുമാർ അംഗീകരിച്ചതോടെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് തങ്ങൾ പുറത്തായെന്ന തിരിച്ചറിവും കടുത്ത ഭാഷയിൽ പ്രതികരിക്കാൻ ഓർത്തഡോക്സ് സഭയെ പ്രേരിപ്പിച്ചു.
ജോസഫ് കാതോലിക്ക ബാവയെ യാക്കോബായ സഭയുടെ കാതോലിക്കയായി വാഴിച്ച നടപടി കോപ്റ്റിക് സഭയുടെ പാത്രിയർക്കീസും സിലുഷ്യയിലെ അർമേനിയൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും അഭിനന്ദനം അറിയിച്ച ശേഷം, ഇന്ത്യയിലെ "വേർപെട്ട വിഭാഗത്തിന്റെ" പ്രതിനിധികൾ പങ്കാളികളായുള്ള ആരാധനയിലും ദൈവശാസ്ത്ര സംവാദങ്ങളിലും പങ്കെടുക്കില്ലെന്ന സിറിയൻ ഓർത്തഡോക്സ് സഭയുടെ "യൂണിവേഴ്സൽ" സുനഹദോസ് തീരുമാനത്തിന്, മറ്റു രണ്ടുപേരും പിന്താങ്ങൽ നൽകിയിരിക്കുന്നു എന്നതാണ് സംയുക്ത പ്രസ്താവനയുടെ സംഗ്രഹം. ഇത് അപലപനീയം എന്നാണ് സഭ വിശേഷിപ്പിക്കുന്നത്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോ, പ്രധാന അർമേനിയൻ സഭയായ എച്ച്മിയാഡ്സനിലെ അപ്പൊസ്തോലിക സഭയോ, എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, എറിട്രിയൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സമ്മേളനത്തിന്റെ ആധികാരികത ചോദ്യം ചെയ്യുകയാണ് മലങ്കര ഓർത്തഡോക്സ് സഭ. ഇതിനൊപ്പം ജോസഫ് ശ്രേഷ്ഠ കാതോലിക്കയുടെ വാഴ്ചയ്‌ക്കെതിരെ കോടതിയെ സമീപിക്കാനും ഓർത്തഡോക്സ് സഭ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ആഗോള തലത്തിൽ തങ്ങൾക്ക് ലഭിച്ച സ്വീകാര്യതയിൽ ഏറെ ആഹാദം പ്രകടിപ്പിക്കുന്നുണ്ട് യാക്കോബായ സഭ. ചർച്ചകൾക്കായി ഓർത്തഡോക്സ് വിഭാഗത്തെ അവർ ക്ഷണിച്ചിട്ടുമുണ്ട്. ഇതോടെ ഒട്ടൊന്ന് ശാന്തമായിരുന്ന പള്ളി തർക്കം വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് പൊതുവെ കരുതുന്നത്.സഭയുടെ സാർവത്രിക സുന്നഹദോസിനെയും ചടങ്ങിൽ ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ അഭിനന്ദിച്ചെന്നും യാക്കോബായ സുറിയാനി സഭയുടെ വാർത്താക്കുറിപ്പിലുണ്ട്.
അതേസമയം, ചരിത്ര സത്യങ്ങളെ തമസ്കരിക്കുന്നത് വർത്തമാന കാലഘട്ടത്തിന്റെ സ്വഭാവമായി മാറിയിട്ടുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. "ഇന്ത്യയിലെ സിറിയൻ ഓർത്തഡോക്സ് യാക്കോബായ സഭയുടെ പുതിയ "കാതോലിക്കാ" മോർ ബസേലിയോസ് ജോസഫിന്റെ സ്ഥാനരോഹണത്തിനു സിറിയൻ ഓർത്തഡോക്സ് സഭയുടെ പ. പാത്രിയർക്കീസ് മോർ ഇഗ്നത്തിയോസ് അഫ്രേം രണ്ടാമൻ തിരുമേനി നേതൃത്വം നൽകിയതിന് കോപ്റ്റിക് സഭയുടെ പാത്രിയർക്കീസും സിലുഷ്യയിലെ അർമേനിയൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും അഭിനന്ദനം അറിയിച്ച ശേഷം ഇന്ത്യയിലെ "വേർപെട്ട വിഭാഗത്തിന്റെ" പ്രതിനിധികൾ പങ്കാളികളായുള്ള ആരാധനയിലും ദൈവശാസ്ത്ര സംവാദങ്ങളിലും പങ്കെടുക്കില്ലെന്ന സിറിയൻ ഓർത്തഡോക്സ് സഭയുടെ "യൂണിവേഴ്സൽ" സുന്നഹദോസ് തീരുമാനത്തിന് മറ്റു രണ്ടുപേരും പിന്താങ്ങൽ നൽകിയിരിക്കുന്നുവെന്നതാണ് സംയുക്ത പ്രസ്താവനയുടെ സംഗ്രഹം. ഇത് അപലപനീയം തന്നെ! ഒരു സമാധാന ഐക്യ സംവാദത്തിനു വാതിൽ തുറന്നിരിക്കുന്നു എന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് സ്വാഗതാർഹം," മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അറിയിച്ചു.
"ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഏക ഓർത്തഡോക്സ് സഭയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ, 1974ൽ സമാന്തര മെത്രാന്മാരുടെ വാഴിക്കലും നിയമനവും നടത്തി രണ്ടായി മുറിച്ചതും അതുവഴി സഭയിൽ ഇന്നുവരെ നീണ്ടുനിൽക്കുന്ന ആഭ്യന്തര കലഹം സൃഷ്ടിച്ചതും അന്ത്യോക്യൻ സുറിയാനി സഭയുടെ പാത്രിയർക്കീസ് തന്നെ ആയിരുന്നുവെന്നത് പകൽ പോലെയുള്ള സത്യമാണ്. ഭാരതത്തിലെ നീതിനിയായ കോടതികളുടെ വിധിന്യായങ്ങൾ പരിശോധിച്ചാൽ തന്നെ ഇത് വെളിവാകും," മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വ്യക്തമാക്കി.