കോത്തായി മുക്കിനും പുതിയങ്കാവിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. ടാറിംഗ് പൂർത്തിയായ റോഡിൽ 20 മീറ്ററോളം നീളത്തിലാണ് വിള്ളലുണ്ടായത്
കണ്ണൂർ പയ്യന്നൂരിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. കോത്തായി മുക്കിനും പുതിയങ്കാവിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. ടാറിംഗ് പൂർത്തിയായ റോഡിൽ 20 മീറ്ററോളം നീളത്തിലാണ് വിള്ളലുണ്ടായത്. സർവീസ് റോഡും സമീപത്തെ വീടും അപകടത്തിലാകുമെന്ന് ആശങ്ക തുടരുകയാണ്.
കോഴിക്കോടും ദേശീയപാതയില്‍ പലയിടത്തും ഇന്ന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വെങ്ങളം - രാമനാട്ടുകര ബൈപ്പാസ് റൂട്ടിലെ അമ്പലപ്പടി - ചെറുകുളം അടിപ്പാതയിലും, തിരുവങ്ങൂർ മേൽപ്പാലത്തിന് മുകളിലുമാണ് പുതിയതായി വിള്ളൽ ഉണ്ടായത്. വെങ്ങളം - രാമനാട്ടുകര ബൈപ്പാസ് റൂട്ടിലെ അമ്പലപ്പടി - ചെറുകുളം അടിപ്പാതയിലുണ്ടായ വിള്ളലിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ മധ്യഭാഗത്തു നിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽപെട്ടതോടെ ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും.
ദേശീയ പാതയിൽ കോഴിക്കോട് തിരുവങ്ങൂർ മേൽപ്പാലത്തിന് മുകളിൽ 400 മീറ്റർ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ രാത്രിയാണ് വിള്ളൽ ഉണ്ടായത്. വിള്ളൽ പുലർച്ചെയോടെ ടാറിട്ട് അടച്ചു. തിരുവങ്ങൂരിൽ രണ്ട് ദിവസം മുമ്പേ വിള്ളൽ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരം നിർമാണ കമ്പനിയായ വാഗാഡിനെ അറിയിച്ചിരുന്നു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നൽകിയ മറുപടിയെന്നും നാട്ടുകാർ പറയുന്നു.
ALSO READ: വിള്ളൽ തുടർക്കഥയാകുമ്പോൾ! കോഴിക്കോട് ദേശീയപാതയില്‍ പലയിടത്തും വിള്ളല്‍
കോഴിക്കോട് മലാപ്പറമ്പ് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്നതിന് പിന്നിൽ ഡ്രൈനേജ് നിർമാണത്തിലെ അപാകതയാണ് കാരണം എന്ന് ആക്ഷേപമുയരുന്നുണ്ട്. സർവീസ് റോഡുകളുടെ ഡ്രൈനേജ് സംവിധാനങ്ങൾക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയ്ക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ അധികൃതർ ആ പരാതിയെ മുഖവിലക്കെടുത്തില്ലെന്നും ആരോപണമുണ്ട്.