സാദിഖലി തങ്ങൾക്കെതിരായ പരാമർശം: ഉമർ ഫൈസി മുക്കത്തെ മാറ്റണമെന്ന പ്രമേയവുമായി സമസ്ത മലപ്പുറം ജില്ലാ മുശാവറ കമ്മിറ്റി

കേന്ദ്ര മുശാവറയ്ക്ക് കത്ത് കൊടുക്കാനും യോഗത്തിൽ തീരുമാനമായി
സാദിഖലി തങ്ങൾക്കെതിരായ പരാമർശം: ഉമർ ഫൈസി മുക്കത്തെ മാറ്റണമെന്ന പ്രമേയവുമായി സമസ്ത മലപ്പുറം ജില്ലാ മുശാവറ കമ്മിറ്റി
Published on


സമസ്ത-ലീഗ് തർക്കത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ പ്രമേയവുമായി മലപ്പുറം മുശാവറ ജില്ലാ കമ്മിറ്റി. ഉമർ ഫൈസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് പ്രമേയം. രാഷ്ട്രീയ പാർട്ടികൾക്ക് പരോക്ഷ താക്കീതുമായി ജിഫ്രി തങ്ങൾ രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവിയില്‍ നിന്ന് ഉള്‍പ്പെടെ മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര മുശാവറയ്ക്ക് കത്ത് കൊടുക്കാനും യോഗത്തിൽ തീരുമാനമായി.

ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയാണ് ഉമര്‍ ഫൈസി പരസ്യ പ്രസ്താവനകള്‍ നടത്തിയത്. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തതിലായിരുന്നു ഉമർ ഫൈസി മുക്കം വിമർശനം ഉന്നയിച്ചത്. സാദിഖലി തങ്ങൾ ഖാസിയാകാൻ യോഗ്യനല്ലെന്ന ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവനയെ തുടർന്നാണ് വിവാദങ്ങൾ ഉടലെടുത്തത്.

സാദിഖലി തങ്ങൾ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു. സിഐസി (കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നതായും, കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു.

അതേസമയം, കെ.എം. ഷാജിക്ക് മറുപടിയുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. സമസ്തയിൽ സിപിഎം സ്ലീപ്പിങ് സെല്ലുകൾ ഉണ്ടെങ്കിൽ ഷാജി പുറത്ത് കൊണ്ടുവരട്ടെയെന്ന് ഹമീദ് ഫൈസി പറഞ്ഞു. സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന ആരോപണമുന്നയിച്ച് സമസ്തയുടെ പണ്ഡിത സഭയെ കെ.എം. ഷാജി അപമാനിച്ചു. സിഐസി വിഷയത്തിൽ ഷാജി ഇടപെടേണ്ടെന്നും ഹമീദ് ഫൈസി പറഞ്ഞു. സമസ്തയെ അസ്ഥിരപ്പെടുത്താനുള്ള സലഫി, ജമാഅത്തെ ഗൂഢാലോചന തിരിച്ചറിയണമെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com