
പിതാവിൻ്റെ ചികിത്സക്കായി സഹായം നൽകാമെന്ന വ്യാജേന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് കോഴിക്കോട് സ്വദേശിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
സ്വകാര്യ ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് ചികിത്സ സഹായം നൽകാമെന്ന വാഗ്ദാനമായാണ് വാഖിയത്ത് കോയ എത്തുന്നത്. മകളുടെ പഠന ചിലവ് കൂടി ഏറ്റെടുക്കാമെന്ന് പറഞ്ഞ് ഇയാൾ കുടുംബത്തിൻ്റ വിശ്വാസ്യത നേടി എടുക്കുകയായിരുന്നു. പിന്നീട് വാഖിയത്ത് കോയ പെൺകുട്ടിയുമായി നേരിട്ട് ഫോണിൽ സംസാരിച്ച് തുടങ്ങി.
കഴിഞ്ഞ ദിവസമാണ് പഠനകാര്യങ്ങൾ സംസാരിക്കാനെന്ന പേരിൽ കുട്ടിയോട് കോഴിക്കോട് എത്താൻ ഇയാൾ ആവശ്യപ്പെട്ടത്. ചേവായൂരിൽ കാത്തു നിന്ന പെൺകുട്ടിയെ ഇയാൾ കാറിൽ കയറ്റി. ആദ്യഘട്ടത്തിൽ വിദ്യഭ്യാസത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയ ഇയാൾ യുവതിയുടെ കൈയ്യിൽ കയറിപിടിക്കുകയും, കവിളിൽ ചുംബിക്കുകയും ചെയ്തതായാണ് പരാതി. പിന്നീട് ഫോണിലൂടെയായി നിരന്തര ശല്യം.
ഇതോടെ പെൺകുട്ടി ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും നിരന്തരം ശല്യപ്പെടുന്ന വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ലൈംഗിക അതിക്രമം, നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.