
മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിൽ കേസെടുത്തു. കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി പ്രകാരം മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, നിയമവിരുദ്ധ വിവാഹബന്ധം വേർപെടുത്തൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി.
ഒന്നര വർഷം മുമ്പ്, 2023 ജൂലൈയിലാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ സൗന്ദര്യമില്ല എന്ന് പറഞ്ഞ് പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്.
ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവോ ഭര്‍ത്താവിന്റെ കുടുംബമോ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഗര്‍ഭിണി ആയിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴും ഭര്‍ത്താവ് വിളിക്കുക പോലും ചെയ്തില്ല. മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മൊഴി ചൊല്ലിയത്.