നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് അപകടം. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
സർവീസ് റോഡിലൂടെ പോയ രണ്ട് കാറുകൾക്ക് മേൽ മണ്ണും കോണ്‍ക്രീറ്റും പതിച്ചു. കല്ലുകൾ വീണ് മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡ് ഇടിയുന്നത് കണ്ടതോടെ കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല.
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാഗതം സ്തംഭിച്ചു. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിൻ്റെ പല ഭാഗങ്ങളും പൊട്ടി വീഴുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, ശക്തമായ മഴയിൽ കോഴിക്കോട് മുക്കത്തെ റോഡുകളിൽ വെള്ളക്കെട്ട്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം കാരശ്ശേരി ബാങ്കിന് മുൻ വശത്തും മുക്കം-മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാല അങ്ങാടിയിലും ബിഎസ്‌എൻഎൽ ഓഫീസിന് മുൻ വശത്തുമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴ തുടരുകയാണെകിൽ കാരശ്ശേരി ബാങ്കിലേക്കും തൊട്ടടുത്ത കടകളിലേക്കും വെള്ളം കയറാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.