'നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി'; പത്രം വായിച്ചവരുടെയെല്ലാം കിളി പറത്തിയ വാര്‍ത്തകള്‍

ടൈം ട്രാവല്‍ ചെയ്ത് പുതിയ കാലത്തിലേക്ക് എവിടെയോ ചെന്നെത്തിയ പോലൊരു ഫീല്‍. അത് തന്നെയായിരുന്നു ഈ പേജ് രൂപകല്പനയുടെ ഉദ്ദേശ്യവും.
'നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി'; പത്രം വായിച്ചവരുടെയെല്ലാം കിളി പറത്തിയ വാര്‍ത്തകള്‍
Published on



ഇന്ന് പുറത്തിറങ്ങിയ മലയാളം പത്രങ്ങളുടെ ഒന്നാം പേജ് കണ്ടവരെല്ലാം ഞെട്ടിയിട്ടുണ്ടാകും. നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി എന്നാണ് ലീഡ് വാര്‍ത്ത. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നു കൂടി കാണുമ്പോള്‍, കിളി പാറിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. ഇതൊക്കെ എപ്പോള്‍ നടന്നു, സത്യമാണോ എന്ന് ചിന്തിച്ച് മറ്റു വാര്‍ത്തകളിലേക്ക് പോയാല്‍, പിന്നെയും പിന്നെയും ഞെട്ടും. കടലിനടിയിലെ നഗരത്തിലെ ആള്‍ താമസവും, കേരളത്തിലെ റോബോ മന്ത്രിയുടെ ഒന്നാം വാര്‍ഷികവും, ഭൂമിയും ചൊവ്വയും ഗോളാന്തര കിരീടം പങ്കിട്ട വിശേഷവുമെല്ലാം അവിടെ കാണാം. ടൈം ട്രാവല്‍ ചെയ്ത് പുതിയ കാലത്തിലേക്ക് എവിടെയോ ചെന്നെത്തിയ പോലൊരു ഫീല്‍. അത് തന്നെയായിരുന്നു ഈ പേജ് രൂപകല്പനയുടെ ഉദ്ദേശ്യവും.

കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ ഒന്നാം പേജാണ് (ജാക്കറ്റ് ആഡ്) ഏറെക്കുറെ എല്ലാ മലയാളം പത്രങ്ങളും നല്‍കിയത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കുമെന്ന ഭാവനയാണ് പേജ് നിറഞ്ഞുനില്‍ക്കുന്നത്. അങ്ങനെയാണ്, മാറ്റത്തിന്റെ കാറ്റില്‍ പേപ്പര്‍ കറന്‍സികള്‍ പറന്നുപോയതും ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വന്നതും. കള്ളപ്പണം പൂര്‍ണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. ഭാവിയിലെ സാമ്പത്തിക ഇടപാടുകള്‍ ക്രിപ്റ്റോ കറന്‍സിയുടേതാണെന്നും, പരാമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്ക്‌ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കാനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയെന്നും സാമ്പത്തി നൊബേല്‍ പുരസ്കാര ജേതാവ് ഡോ. റിന പട്ടേലിന്റെ അഭിപ്രായത്തോടെയാണ് വാര്‍ത്ത അവസാനിക്കുന്നത്.

ആഴക്കടല്‍ ഇനി ആള്‍ക്കടല്‍ എന്ന തലക്കെട്ടില്‍, ആദ്യ സമുദ്രനഗരത്തിന്റെ താക്കോല്‍ കൈമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത കാണാം. കടലിനടിയിലൊരുക്കിയ ഓഷ്യാനസ് എന്ന സാങ്കല്‍പ്പിക സമുദ്രനഗരത്തെക്കുറിച്ചാണ് വാര്‍ത്ത. ഒരു ലക്ഷത്തോളം പേരാണ് ആദ്യ ആഴക്കടല്‍ നഗരത്തില്‍ പാര്‍ക്കാനെത്തിയത്. കേരളത്തിന്റെ അഭിമാന നിമിഷമായി അവതരിപ്പിച്ചിരിക്കുന്നത്, റോബോട്ട് മന്ത്രിയുടെ ഒന്നാം വാര്‍ഷികമാണ്. റോബോ റവന്യൂ മന്ത്രി സികെ-50 മന്ത്രിസഭയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളുമുണ്ടെന്ന് വാര്‍ത്ത.

കൗതുകം ലേശം കൂടിയ വാര്‍ത്തയാണ് അടുത്തത്. 'ഗോളാ'ന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും എന്നാണ് തലക്കെട്ട്. അതിരുകളില്ലാത്ത ആവേശപ്പോരാട്ടത്തിനൊടുവില്‍ ഗോളാന്തര ഫുട്ബോള്‍ കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും എന്നതാണ് വാര്‍ത്ത. ആദ്യ ഗോളാന്തര കപ്പിന്റെ ഫൈനല്‍ പോരാട്ടം ആരാധകര്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങളാണ്. സൗരയൂഥത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 500 കോടി ആരാധകര്‍ കണ്ട മത്സരത്തിലും പിറന്നത് പുതുചരിത്രം. ചൊവ്വയിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണവുമായി കളിക്കാര്‍ പൊരുത്തപ്പെടുന്നതിന് പ്രത്യേക നിയന്ത്രണ സംവിധാനം ഒരുക്കിയിരുന്നുവെന്നും വാര്‍ത്ത പറയുന്നു. കളിയുടെ ഹോളോഗ്രാഫിക് സംപ്രേഷണവും ഉണ്ടായിരുന്നത്രേ.

അതിര്‍ത്തി രക്ഷാസേനകളെ പിന്‍വലിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതോടെ, യുദ്ധങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് മറ്റൊരു വാര്‍ത്ത. ഐക്യരാഷ്ട്ര സഭയുടെ 'ഒരൊറ്റ ലോകം ഒരൊറ്റ ജനത' കോണ്‍ക്ലേവിലായിരുന്നത്രേ തീരുമാനം. ചെമ്പ്രമലയ്ക്ക് സമീപം അത്തിമലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത അതിനൂതന എഐ പ്രവചിച്ചതോടെ വന്‍ ദുരന്തം ഒഴിവായെന്നും വാര്‍ത്തയുണ്ട്. എഐ ഇടപെട്ടതോടെ ഒഴിവായത് വന്‍ ദുരന്തമെന്നും രക്ഷപ്പെട്ടത് 30,000 പേരെന്നുമാണ് വിശദാംശങ്ങള്‍.

ഇതെല്ലാം വായിക്കുമ്പോള്‍, നാം മറ്റൊരു ലോകത്ത് എത്തി തോന്നുന്നയിടത്താണ് ഈ ഒന്നാം പേജ് മാര്‍ക്കറ്റിങ് ഫീച്ചറിന്റെ വിജയം. വെറും പരസ്യം എന്നതിനപ്പുറും, ശാസ്ത്രവും സാങ്കേതികവിദ്യയുംകൊണ്ട് മറ്റൊരു ലോകം സാധ്യമാകുമെന്ന് ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ഒന്നാം പേജ്. ദേശാഭിമാനിയും ഇംഗ്ലീഷ് ദിനപത്രങ്ങളുമൊഴികെ എല്ലാ മലയാള പത്രങ്ങളും ജാക്കറ്റ് പേജില്‍ പരസ്യം വിന്യസിച്ചിട്ടുണ്ട്. ഇതോടെ, വിമര്‍ശനങ്ങളും ഏറി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പത്രങ്ങള്‍ ഇന്ന് ഒന്നാം പേജ് രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. ശരിയായ വാര്‍ത്തയാണെന്ന് ധരിച്ച് ആശങ്കപ്പെട്ടവരും. പത്രവാര്‍ത്തയെ കൂട്ടുപിടിച്ച് ചാനലുകളില്‍ വാര്‍ത്ത നല്‍കിയവരുമൊക്കെയുണ്ടായി. മാര്‍ക്കറ്റിങ് ഫീച്ചര്‍, മുന്നറിയിപ്പ്, 2050 ജനുവരി 24 എന്നിങ്ങനെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ദിവസവും പത്രം വായിക്കുന്നവര്‍ അതൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന പതിവില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com