ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം; സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി മലയാളി അഭിഭാഷകന്‍

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം
ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം;
സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി മലയാളി അഭിഭാഷകന്‍
Published on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറയാണ് ഹര്‍ജി സമർപ്പിച്ചത്.



കഴിഞ്ഞ ദിവസം ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. പിന്നാലെയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കണമെന്നാണ് കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം. മാര്‍ച്ച് 14 ന് രാത്രി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. പണം കണ്ടെത്തുന്ന സമയത്ത് താന്‍ ഭോപ്പാലിലായിരുന്നുവെന്നും മകളാണ് വിവരം പറഞ്ഞതെന്നുമാണ് വര്‍മയുടെ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളുമാണ് സുപ്രിംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


സ്റ്റോര്‍ റൂമില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ പകുതിയോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് 16 ന് വിവരം അറിഞ്ഞ ശേഷം യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നതായി അറിവുണ്ടായിരുന്നില്ലെന്നും, സുരക്ഷ ഉദ്യോഗസ്ഥരടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നുമായിരുന്നു ജഡ്ജിയുടെ വിശദീകരണം. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍, താന്‍ നിരപരാധിയാണെന്നും, പണം കണ്ടെത്തിയതില്‍ തനിക്കെതിരെ ഗൂഢാലോചനയെന്നുമായിരുന്നു യശ്വന്ത് വര്‍മയുടെ പ്രതികരണമെന്നും ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com