കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നാട്ടിലെത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നുമാണ് യുവതി പറഞ്ഞത്.
കുവൈറ്റില്‍ വീട്ടുതടങ്കലിലായ യുവതിയെ മോചിപ്പിച്ചു. വിവിധ ഇടങ്ങളില്‍ നിന്നുള്ള ഇടപെടലാണ് ഫലം കണ്ടത്. കുവൈറ്റ് ഫര്‍വാനിയ പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. നിലവില്‍ കുവൈറ്റ് പൊലീസിന്റെ സംരക്ഷണത്തിലുള്ള യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
യുവതിയുടെ മോചനത്തിനായി ഇടപെടണമെന്ന് കുടുംബമടക്കം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് കുവൈറ്റിലെത്തിച്ചതായും ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നും വെളിപ്പെടുത്തിയുള്ള യുവതിയുടെ വീഡിയോ പുറത്തുവന്നത്. ന്യൂസ് മലയാളം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏജന്റായ ഖാലിദ് എന്നയാള്‍ക്കെതിരെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മാര്‍ച്ച് 15നാണ് കുവൈത്തില്‍ എത്തിയത്. ആദ്യത്തെ കുറച്ച് ദിവസം ഒരു വീട്ടിലെ ജോലിയും മറ്റും ചെയ്യിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു വീട്ടില്‍ കൊണ്ടു പോയി. അവിടെയും ചില പ്രശ്നങ്ങള്‍ കാരണം തിരിച്ച് ഇങ്ങോട്ട് തന്നെ വന്നു.
അങ്ങനെ കുറേ വീടുകള്‍ മാറിയതിന് ശേഷം അവസാനം ഒരു വീട്ടില്‍ കൊണ്ടു ചെന്നാക്കി. അവിടെ ഭക്ഷണം പോലും തന്നില്ല. ഒരു റൂമില്‍ കൊണ്ട് വന്ന് പൂട്ടിയിട്ടിരിക്കുകയാണ്. കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നാട്ടിലെത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നുമാണ് യുവതി പറഞ്ഞത്.
തന്റെ ജീവനെന്തിങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ ഏജന്റുമാരായ ഖാലിദും ബിന്‍സിയും ജിജിയുമായിരിക്കുമെന്നും ഇത് തന്റെ അവസാന വീഡിയോ ആയിരിക്കുമെന്നും യുവതി പറഞ്ഞിരുന്നു.