
മമിത ബൈജു 'റെബല്‍' എന്ന ചിത്ത്രതിലൂടെയാണ് തമിഴ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം വിജയ്‌യുടെ 'ജനനായകന്‍' എന്ന ചിത്രം ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളില്‍ മമിത അഭിനയിച്ചു. ഇപ്പോഴിതാ തന്റെ നാലാമത്തെ തമിഴ് ചിത്രത്തിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്തിരിക്കുകയാണ് താരം. ഇത്തവണ നടന്‍ സൂര്യയ്‌ക്കൊപ്പമാണ് മമിത സ്‌ക്രീന്‍ പങ്കിടുന്നത്. സൂര്യയുടെ 46-ാമത്തെ ചിത്രമാണിത്. വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം.
മെയ് 19നാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ സൂര്യക്കൊപ്പം വെങ്കി അറ്റ്‌ലൂരി, ജി.വി. പ്രകാശ്, മമിത ബൈജു എന്നിവര്‍ പങ്കെടുത്തു. അതേസമയം ചിത്രത്തിലെ നായക ആരാണെന്ന് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഭാഗ്യശ്രീ ബോര്‍സെ ആയിരിക്കും നായികയെന്ന അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും മമിത ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെങ്കിലും സൂര്യയുടെ നായികയായിരിക്കില്ല എന്നാണ് സൂചന.
മെയ് അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നിര്‍മാതാക്കളായ സിത്താര എന്റര്‍ടെയിന്‍മെന്റ്‌സ് അറിയിച്ചിരിക്കുന്നത്. 2026ല്‍ ചിത്രം റിലീസ് ചെയ്യും. മമിതയുടെ വിജയ് ചിത്രം ജനനായകനും 2026ലാണ് റിലീസ് ചെയ്യാനിരിക്കുന്നത്.
വിജയ് ദേവരകൊണ്ടയും സൂര്യ 46ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
'റെട്രോ'യാണ് സൂര്യയുടെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് തിയേറ്ററിലെത്തിയത്. കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 'റെട്രോ'.