സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായി ബി ഉണ്ണികൃഷ്ണനും ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മമ്മൂട്ടി ഒന്നും പറയാത്തത് സങ്കടകരമാണെന്ന് ഡബ്ല്യുസിസി സ്ഥാപക അംഗമായ സജിത മഠത്തില്‍. ഇന്‍ഡസ്ട്രിയില്‍ മാന്യനായ വ്യക്തിയാണ് മോഹന്‍ലാല്‍. സ്ഥിതിഗതികള്‍ മാറ്റാന്‍ അദ്ദേഹം മുന്‍കൈയെടുക്കേണ്ടതായിരുന്നുവെന്നും സജിത മഠത്തില്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം.
സജിത മഠത്തില്‍ പറഞ്ഞത് :
വിമണ്‍ ഇന്‍ സിനിമ കളക്ടീവുമായി AMMAയിലെ കൂട്ടരാജി ബന്ധപ്പെട്ടിട്ടില്ലെങ്കിലും പുറത്തുനിന്നുള്ള ആളെന്ന നിലയില്‍ അവരുടെ രാജിക്ക് ഒന്നിലധികം കാരണങ്ങള്‍ ഉണ്ടെന്ന് എനിക്ക് പറയാന്‍ കഴിയും. AMMAയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങളെ കുറിച്ച് ആശങ്കയുള്ളതിനാല്‍ കൂടുതല്‍ ചര്‍ച്ചകളില്‍ നിന്നും പൊതുജനശ്രദ്ധയില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറാന്‍ ആഗ്രഹിച്ചേക്കാം എന്നതാണ് ഒരു സാധ്യത. അതിനാല്‍ അവരുടെ രാജി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്ന് തോന്നുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം അവര്‍ പിന്‍മാറുന്നത് നിരാശാജനകമാണ്. വളരെ സങ്കടകരമാണ്. ഇന്‍ഡസ്ട്രിയില്‍ മാന്യനായ വ്യക്തിയാണ് മോഹന്‍ലാല്‍. സ്ഥിതിഗതികള്‍ മാറ്റാന്‍ അദ്ദേഹം മുന്‍കൈയെടുക്കേണ്ടതായിരുന്നു. ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായി ബി ഉണ്ണികൃഷ്ണനും ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല. ഒരു പത്രക്കുറിപ്പ് ഇറക്കുകയാണ് ചെയ്തത്. മമ്മൂട്ടിയുടെ മൗനവും വളരെ സങ്കടകരമാണ്.
ALSO READ : "സ്റ്റാന്‍ഡ് അപ്, ബി എ മാന്‍"; മീടൂ മുന്നേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മോഹന്‍ലാല്‍ ഒളിച്ചോടുന്നുവെന്ന് ശോഭാ ഡേ
എന്നിരുന്നാലും ഇപ്പോള്‍ സംഭവിക്കുന്നത് നല്ല മാറ്റം കൂടിയാണ്. 2017ല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സ്ത്രീകള്‍ക്കിടമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളെ അവഗണിക്കാനോ ചര്‍ച്ചകളില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനോ കഴിയാത്ത സാഹചര്യമാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് കേള്‍ക്കാനുള്ള ഒരിടം തുറന്നു. ഇതൊരു മുന്നേറ്റമാണ്.