"പ്രിയപ്പെട്ട തക്കുടുകളെ" എന്ന് വിളിച്ചാണ് മമ്മൂട്ടി കുട്ടിത്താരങ്ങളോട് സംസാരിക്കാൻ തുടങ്ങിയത്...
കൗമാര കായിക മാമാങ്കത്തിന് കൊച്ചിയിൽ പ്രൗഢോജ്വല തുടക്കം. നാട് ചുറ്റിയെത്തിയ ദീപശിഖയിലെ തീനാളം മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിന്റെ കൈയ്യിലെ ഭീമൻ ദീപശിഖയിലേക്ക് പകർന്നതോടെ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് മേള ഉദ്ഘാടനം ചെയ്തത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയ്ക്ക് തുടക്കം കുറിച്ച് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷും ദീപശിഖയിലേക്ക് അഗ്നി പകർന്നു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാർഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്. നടൻ മമ്മൂട്ടി പരിപാടിയിൽ മുഖ്യാതിഥിയായി.
പ്രിയപ്പെട്ട തക്കുടുകളെ എന്ന് വിളിച്ചാണ് മമ്മൂട്ടി കുട്ടികളെ ആശംസിച്ചത്. നിങ്ങൾ കേരളത്തിന്റെ അഭിമാനായി മാറുക. ഒന്നല്ല ഒരായിരം ഒളിംപിക്‌സ് മെഡലുകളുമായി ഈ നാടിന്റെ അഭിമാനമായി ഉയരാൻ നിങ്ങൾക്ക് സാധിക്കട്ടെ. എല്ലാവർക്കും വിജയം നേരുന്നുവെന്നും മമ്മൂട്ടി ആശംസിച്ചു. "ഞാൻ വികാരാധീനനായിപ്പോകുന്ന കാഴ്ചയാണ് എനിക്കിവിടെ കാണാൻ സാധിക്കുന്നത്. കഥ പറയുമ്പോൾ സിനിമയിലെ അശോക് രാജിനെപ്പോലെ ഞാനെന്റെ കുട്ടിക്കാലം ഓർത്തുപോവുകയാണ്. കുട്ടിക്കാലത്ത് സ്പോർട്സിനോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല, കാരണം മടിയനായിരുന്നു. ഓടാനും ചാടാനും പന്തുകളിക്കാനുമൊന്നും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ഇത് കാണുമ്പോൾ എനിക്കും ഇങ്ങനെയൊക്കെ ആവാമായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു," മമ്മൂട്ടി പറഞ്ഞു.
ഒളിംപിക്സെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയാണ് ഈ കായികമേളയെന്ന പ്രചോദന വാക്കുകളോടെ ശ്രീജേഷും സംസാരിച്ചു. ഒളിംപിക്സിലെത്തുക എന്നതല്ല ലക്ഷ്യം കാണേണ്ടത്. മറിച്ച് അവിടെപ്പോയി മെഡൽ നേടുക എന്നതായിരിക്കണം സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടു എന്നിവയ്‌ക്കൊപ്പമുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.
ALSO READ: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം
കേരളത്തിലെ കുട്ടികൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഒളിംപിക്‌സ് മാതൃകയിൽ നടത്തിയ മാർച്ച് പാസ്റ്റിൻ്റെ ഭാഗമായി. നാലായിരത്തോളം കുട്ടികൾ പങ്കെടുത്ത സാംസ്കാരിക പരിപാടികളും ശ്രദ്ധേയമായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ മാർച്ച് പാസ്റ്റിൽ കോട്ടയം ജില്ല ഒന്നാം സ്ഥാനം നേടി. ഇതുവരെ നടന്ന മത്സരങ്ങളിൽ നിന്ന് തിരുവനന്തപുരം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്.
ഇനി ഏഴ് നാൾ കൊച്ചിയിൽ കൗമാരക്കുതിപ്പിൻ്റെ നാളുകളാണ്. 12 വേദികളിലായി 25,000ത്തോളം താരങ്ങളാണ് മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് മാതൃകയിലാണ് ഇത്തവണ കായികമേള നടക്കുന്നത്. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഏഴാം തീയതി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. ഒളിംക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മേള കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്കു കൂട്ടൽ.