ആന എഴുന്നള്ളിപ്പ് ആചാരമല്ല, ആനയ്ക്ക് പകരം രഥം ഉപയോഗിക്കുന്നത് പരിഗണിക്കണം: മണക്കുളങ്ങര ക്ഷേത്രം മേൽശാന്തി

ഒരു പുസ്തകത്തിലും ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനെ കുറിച്ച് പരാമർശമില്ലെന്നും മേൽശാന്തി വ്യക്തമാക്കി
ആന എഴുന്നള്ളിപ്പ് ആചാരമല്ല, ആനയ്ക്ക് പകരം രഥം ഉപയോഗിക്കുന്നത് പരിഗണിക്കണം: മണക്കുളങ്ങര ക്ഷേത്രം മേൽശാന്തി
Published on

കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മണക്കുളങ്ങര ക്ഷേത്രം മേൽ ശാന്തി. ആന എഴുന്നള്ളിപ്പ് ആചാരമല്ലെന്നും, ആളപായം ആവർത്തിക്കുന്ന സാഹചര്യത്തിൽ ആനയ്ക്ക് പകരം തേര് ഉൾപ്പെടെയുള്ളവയെ പറ്റി ചിന്തിക്കണമെന്നും മണക്കുളങ്ങര മേൽശാന്തി പ്രദീപ് പെരുമ്പള്ളിയിടം പറഞ്ഞു. ഇതിന് സർക്കാരും കോടതിയും ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പുസ്തകത്തിലും ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനെ കുറിച്ച് പരാമർശമില്ലെന്നും മേൽശാന്തി വ്യക്തമാക്കി.



മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ഉണ്ടായ അപകടത്തില്‍ മേൽശാന്തിക്ക് പരിക്കേറ്റിരുന്നു. ആന പുറത്ത് നിന്ന് വീണ് ഉരുണ്ട് മാറിയതിനാലാണ് രക്ഷപ്പെട്ടതെന്നും പ്രദീപ് പറഞ്ഞു. അതേസമയം ആന ഇടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ കുടുംബത്തെ മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് സന്ദർശിക്കും.കഴിഞ്ഞ ദിവസം ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജന്‍ വടക്കായി എന്നിവരാണ് മരിച്ചത്.

ഉത്സവപറമ്പിലെ സ്ഥല പരിമിതി കൂടുതല്‍ അപകടത്തിന് ഇടയാക്കിയെന്നും, പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പിന്നില്‍ നിന്ന ആന വിരണ്ടോടിയെന്നുമാണ് പ്രാഥമിക നിഗമനം.  അപകടത്തെ തുടർന്ന് കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാൻ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.ആന എഴുന്നള്ളിപ്പില്‍ ചട്ട ലംഘനം ഉണ്ടായതായി സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് വ്യക്തമാക്കിയിരുന്നു.ക്ഷേത്ര കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചെന്നും ക്ഷേത്രത്തിന് എഴുന്നള്ളത്തിനുള്ള അനുമതി റദ്ദാക്കാണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സെർക്കുലർ പുറത്തുവിട്ടത്.

ആന ഇടഞ്ഞ് ഉണ്ടായ അപകടത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബിഎന്‍എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ അറിയിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ചോദിച്ച കോടതി ഗുരുവായൂരുള്ള ആനയെ എന്തിനാണ് ഇത്ര ദൂരേയ്ക്ക് കൊണ്ടു പോയതെന്നും ചോദ്യമുന്നയിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com