
വെറും 7 കിലോമീറ്ററിനപ്പുറം ജീവിച്ചിരിക്കുന്ന തന്റെ മകനെ കഴിഞ്ഞ 6 വര്‍ഷമായി കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത അമ്മയാണ് സഫൂറ. സഫൂറയ്ക്ക് മകനെ കാണിച്ചുകൊടുക്കണമെന്നാവശ്യവുമായി ഭര്‍ത്താവ് ആയിരുന്ന ഖൈസിന്റെ നരിപ്പറ്റയിലെ വീട്ടിലും സഹോദരിയുടെ വീട്ടിലും ഞങ്ങള്‍ ചെന്നിരുന്നു. ആവശ്യം നിരസിച്ചു. പക്ഷേ ലോകം മുഴുവന്‍ എതിര്‍ത്താലും തന്റെ അമ്മ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്ന നിമിഷത്തില്‍ ആ ഉദരത്തിന്റെ ഭാരം തീരുമായിരിക്കും. എന്നാല്‍ അത്രയും കാലം തന്നില്‍ നിന്ന് അകറ്റി നിറുത്തി ഇല്ലാതാക്കിയ അമ്മയുടെ സ്‌നേഹം നിഷേധിച്ച വര്‍ഷങ്ങള്‍ നീണ്ട പ്രയാസത്തെ മറികടക്കാന്‍ അന്ന് ആ കുട്ടിയ്ക്ക് കഴിഞ്ഞെന്ന് വരില്ല.
ഞങ്ങള്‍ നടത്തിയ യാത്രയിലുടനീളം കണ്ട ദൃശ്യങ്ങള്‍ പറയുന്നത് അതാണ്. ആത്മഹത്യ ചെയ്ത, അല്ലെങ്കില്‍ കുട്ടികളെ കൊന്നു ജയിലിലായ അമ്മമാരുടെ ബാക്കിയുള്ള കുട്ടികള്‍ അമ്മ ജാമ്യത്തിലാണെന്ന് അറിയാതെ, വീണ്ടും നഷ്ടപ്പെടുമോയെന്ന് പേടിച്ചരണ്ട് കരഞ്ഞു ഉരുകിത്തീരുന്ന കുട്ടികളാണ്. അമ്മ കൊലപാതകിയായതോടെ സ്വന്തം വീട്ടുകാരാലും ഭര്‍തൃവീടുകളാലും സംരക്ഷണം കിട്ടാതെ അമ്മമാര്‍ക്കൊപ്പം ജയിലുകളിലും കുട്ടികള്‍ക്ക് കഴിയേണ്ടി വരുന്നു.
കുഞ്ഞിനെ കൊന്ന അമ്മയോടുള്ള മനോഭാവത്തിന്റെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും ജയിലകങ്ങളിലും അമ്മമാര്‍ക്കൊപ്പം തന്നെ കുട്ടികളും ഏറ്റുവാങ്ങേണ്ടി വരും. ഇത്തരത്തില്‍ ശിക്ഷയുടെ ഭാഗമായി കഴിഞ്ഞ 13 വര്‍ഷത്തിനിടെ 36 അമ്മമാരെ ജയിലില്‍ പ്രവേശിപ്പിച്ചതില്‍ 10 കുട്ടികള്‍ കൂടി എത്തിപ്പെടേണ്ടി വന്നുവെന്ന ഉള്ളുലയ്ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ കൂടി അറിയണം.
ഈ കുട്ടികളുടെ മനോധൈര്യവും അഭിമാനവുമെല്ലാം നാള്‍ക്കുനാള്‍ നഷ്ടപ്പെടുത്തി പോലീസും കോടതികളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പൊതുസമൂഹവും വലിയ ശിക്ഷയാണ് എക്കാലത്തും നല്‍കിപ്പോരുന്നത്. എന്നാല്‍ perinatal psychiatric diosrder കളായ ഡിപ്രഷന്‍, സൈക്കോസിസ് എന്നിവയെക്കുറിച്ച് യാതൊരു ബോധവല്‍ക്കരണവും ഇന്നേ വരെ നടത്താത്ത സര്‍ക്കാര്‍ ആണ് കുട്ടികളെയും കൂടെ ഇത്തരം ദുരവസ്ഥയിലേക്ക് തള്ളിവിട്ടതിന്റെ പ്രധാന ഉത്തരവാദികള്‍ എന്ന് ഇത് വരെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. കാരണം ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഗുരുതര വീഴ്ച കാരണം ഗര്‍ഭത്തിലും പ്രസവത്തിലും നേരത്തെ തന്നെ അസുഖം കണ്ടെത്തി ചികിത്സ കിട്ടാതെ പോയതിന്റെ പ്രധാന ഇരകള്‍ അമ്മമാരെപ്പോലെ തന്നെ അവരെ വേര്‍പിരിയേണ്ടി വരുന്ന കുട്ടികള്‍ കൂടിയാണ് .
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെയാണ് എല്ലാഴ്‌പ്പോഴും perinatal psychiatric diosrder സാരമായി ബാധിക്കുന്നത്. തുടക്കത്തില്‍ അമ്മക്ക് കുട്ടിയുമായുള്ള സ്‌നേഹ ബന്ധം ഉടലെടുക്കാനും അത് നിലനിര്‍ത്താനും സാധിക്കാത വരുന്ന ബോണ്ടിങ് ഡിസോര്‍ഡര്‍ ഉരുത്തിരിയുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത്തോടെ സ്‌നേഹ കവചം തീര്‍ത്ത് രക്ഷകരാകേണ്ട അമ്മമാരില്‍ നിന്ന് കിട്ടേണ്ട പരിചരണം ലഭിക്കാത്തത് കുഞ്ഞുങ്ങളിലെ ബുദ്ധിവികാസം, മാനസികാരോഗ്യം തുടങ്ങി അടിസ്ഥാന ശാരീരിക -മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഇതോടെ മറ്റു കുട്ടികളോടും സമൂഹത്തോടുമുള്ള അകാരണ ഭയം, സ്‌നേഹ ദൗര്‍ലഭ്യം തുടങ്ങിയവ മികച്ച സാമൂഹിക-സൗഹൃദ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തടസ്സമായി തീരും. കൂടാതെ കുട്ടികളില്‍ പഠനവൈകല്യങ്ങളും പെരുമാറ്റ വൈകല്യങ്ങളും ഉടലെടുക്കും. മികച്ച കൗണ്‍സലിംഗ് ഒന്നും ലഭിക്കാതെയുള്ള വളര്‍ച്ചാഘട്ടത്തില്‍ സ്‌നേഹവും പരിലാളനയും തേടിയുള്ള പുറംയാത്രകള്‍ വന്‍ ചതിക്കുഴികളില്‍ കൊണ്ടെത്തിക്കുന്നതും കാണാതെ പോകരുത്. അമ്മമാരുടെ മാനസികാരോഗ്യം കുഞ്ഞുങ്ങളെക്കൂടി ബാധിക്കും എന്നതിനാല്‍ perinatal psychiatric diosrder നേരത്തെ കണ്ടു പിടിച്ചു ചികില്‍സിക്കേണ്ടത് നമ്മുടെ ആരോഗ്യ അവകാശമാണ്.
പെരിനാറ്റല്‍ സൈക്കോസിസ് കാരണം ക്രിമിനല്‍ കേസുകളിലകപ്പെടുന്ന അമ്മമാരുടെ ബാക്കിയുള്ള, ജീവിച്ചിരിക്കുന്ന കുട്ടിളോട് കുടുംബങ്ങളുടേയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും വികൃതമാണ്. 'കൊലപാതകിയുടെ മക്കള്‍ 'പരിവേഷം നല്‍കി പരിഹസിച്ചു ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും കൂടെയുള്ള കുട്ടികളും അധ്യാപകരും അയല്‍വാസികളും ബന്ധുക്കളും തുനിയുന്നതുമൂലം ആ ട്രോമകളില്‍ നിന്നും മോചനം കിട്ടാതെ ഈ കുട്ടികള്‍ മുന്നോട്ടു പോകാനാകാതെ ഉഴറും.
സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടി വന്ന എല്ലാ അമ്മമാര്‍ക്കും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍ എന്നിവരടങ്ങിയ പ്രത്യേക മാനസികാരോഗ്യ വിദഗ്ധ ടീമിന്റെ സഹായത്തോടെ മാനസികാരോഗ്യ പരിശോധന നടത്തി മാത്രം നിയമ നടപടികള്‍ സ്വീകരിക്കുക എന്നതാണ് ഏക പോംവഴി. കൂടാതെ ഇനിയെങ്കിലും സര്‍ക്കാര്‍ ഇത്തരം ട്രോമകളിലേക്ക് അറിഞ്ഞു കൊണ്ട് തള്ളിയിടാതിരിക്കാന്‍ കൗണ്‍സലിംഗ് പോലുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു മുന്നോട്ടു പോയില്ലെങ്കില്‍ പെരിനാറ്റല്‍ സൈക്കോസിസ് കാരണം ക്രിമിനല്‍ കേസുകളിലകപ്പെടുന്ന അമ്മമാരുടെ ബാക്കിയുള്ള ജീവിച്ചിരിക്കുന്ന നിഷ്‌കളങ്കരായ കുട്ടികളെ ട്രോമകളിലേക്ക് തള്ളിയിട്ടവര്‍ എന്ന ദുഷ്‌കീര്‍ത്തി കൂടെ സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വരും. അതിനാല്‍ ഈ കുട്ടികളെ കണ്ടു പിടിച്ചു എത്രയും പെട്ടെന്ന് വേണ്ട മാനസിക-സാമൂഹ്യപരമായ ഇടെപെടലുകള്‍ നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.