'രാജീവ് ​ഗാന്ധി കേംബ്രിഡ്ജിൽ തോറ്റു, പക്ഷേ....'; കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി മണി ശങ്കർ അയ്യർ

മുൻ കേന്ദ്രമന്ത്രി കൂടിയായ മണിശങ്കർ അയ്യർ 'അപ്രസക്തനും നിരാശനുമാണ്' എന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞത്
'രാജീവ് ​ഗാന്ധി കേംബ്രിഡ്ജിൽ തോറ്റു, പക്ഷേ....'; കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി മണി ശങ്കർ അയ്യർ
Published on

കോൺ​ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് മണി ശങ്കർ അയ്യർ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കേംബ്രിഡ്ജിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലും പരാജയപ്പെട്ടതിനെക്കുറിച്ചുള്ള കോൺ​ഗ്രസ് നേതാവിന്റെ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഭരണകക്ഷിയായ ബിജെപി മണിശങ്കർ അയ്യരുടെ പ്രസ്താവനയെ ഏറ്റെടുത്തപ്പോൾ കോൺ​ഗ്രസ് തള്ളിക്കളഞ്ഞു. മുൻ കേന്ദ്രമന്ത്രി കൂടിയായ മണിശങ്കർ അയ്യർ 'അപ്രസക്തനും നിരാശനുമാണ്' എന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞത്. കുറച്ചു കൂടി കടന്ന് ചിലർ അദ്ദേഹത്തെ ബിജെപിയുടെ സ്ലീപ്പർ സെൽ എന്നും വിളിച്ചു.


രണ്ടര മണിക്കൂർ നീണ്ട ഒരു അഭിമുഖത്തിനിടയിലെ ചെറിയൊരു ഭാ​ഗത്താണ് രാജീവ് ​ഗാന്ധിയെപ്പറ്റിയുള്ള മണി ശങ്കർ അയ്യരുടെ പ്രസ്താവന വരുന്നത്. യൂട്യൂബ് ചാനലായ ദി എവർ (ചിൽ-പിൽ) ൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലെ ഈ ക്ലിപ്പ് സന്ദർഭം പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല. 'അയാൾ ഒരു പൈലറ്റാണ്. രണ്ട് തവണ തോറ്റിരുന്നു. കേംബ്രിഡ്ജിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അവിടെ അദ്ദേഹം പരാജയപ്പെട്ടു. കേംബ്രിഡ്ജിൽ തോൽക്കാൻ പാടാണ്. ഫസ്റ്റ് ക്ലാസ് നേടാൻ എളുപ്പവും. കാരണം സർവകലാശാല അതിന്റെ പ്രതിച്ഛായ നിലനിർത്താനാണ് ആഗ്രഹിക്കുന്നുത്. എല്ലാവരും കുറഞ്ഞത് വിജയിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവർ ശ്രമിക്കും. പിന്നീട് അദ്ദേഹം ലണ്ടനിലെ ഇംപീരിയൽ കോളേജിൽ പോയി, വീണ്ടും പരാജയപ്പെട്ടു. അത്തരമൊരു വ്യക്തിക്ക് എങ്ങനെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചു? പക്ഷേ ഇപ്പോൾ എന്നോട് ചോദിച്ചാൽ അദ്ദേഹം മികച്ച പ്രധാനമന്ത്രിയാണെന്നെ ഞാൻ പറയൂ', മണി ശങ്കർ അയ്യർ പറഞ്ഞു.

ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പാർട്ടിയെ നയിക്കാനും തന്ത്രങ്ങൾ മെനയാനും തീരുമാനങ്ങൾ എടുക്കാനും കഴിവുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മണി ശങ്കർ. ഇന്ദിരാ ​ഗാന്ധിയെയും രാജീവ് ​ഗാന്ധിയെയും പരാമർശിച്ചാണ് മണിശങ്കർ ഉത്തരം നൽകിയത്.രാഹുൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്ക് അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ കുടുബത്തിന്റെ ചരിത്രം അറിയാം. അവരെല്ലാം തുടക്കത്തിൽ കഴിവില്ലാത്തവരായി തോന്നിയേക്കാം എന്നാൽ വെല്ലുവിളികൾ നേരിടുമ്പോൾ അവർ കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങുമെന്നും മണി ശങ്കർ അയ്യർ പറഞ്ഞു.

അതേസമയം, വൈറലായ അഭിമുഖത്തിലെ ചെറിയ ഭാ​ഗം ഉപയോ​ഗിച്ച് രാജീവ് ​ഗാന്ധി അക്കാദമിക് രം​ഗത്ത് പരാജയമായിരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് ബിജെപി നേതാക്കൾ. എന്നാൽ കോൺ​ഗ്രസ് നേതാക്കൾ ഈ വിഷയത്തെ പ്രതിരോധിക്കുന്നത് മണി ശങ്കർ അയ്യരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com