കലാപം തുടരുന്ന സംസ്ഥാനത്ത് ആറ് മാസത്തിനുള്ളിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിരേൻ സിംഗ് പറയുന്നു
താൻ ക്രിമിനൽ പ്രവർത്തനം നടത്തിയില്ലെന്നും രാജിവെക്കില്ലെന്നും ആവർത്തിച്ച് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. കലാപം തുടരുന്ന സംസ്ഥാനത്ത് ആറ് മാസത്തിനുള്ളിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിരേൻ സിംഗ് പറഞ്ഞു. ദേശീയ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
"ഞാൻ എന്തിന് രാജിവെക്കണം? ക്രിമിനൽ പ്രവർത്തനവും അഴിമതിയും നടത്തിയിട്ടില്ല. രാജ്യത്തിനെതിരായി ഒരിക്കൽ പോലും പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രാജി വെക്കേണ്ടതില്ല എന്നാണ് നിലപാട്," ബിരേൻ സിംഗ് വ്യക്തമാക്കി. കുക്കി-മെയ്‌തി വിഭാഗം നേതാക്കളുമായുള്ള സമാധാന ചർച്ചകൾക്ക് ദൂതനായി നാഗാലാൻഡ് എംഎൽഎയും, ഹിൽ ഏരിയ കമ്മിറ്റി അധ്യക്ഷനുമായ ദിങ്ഗാങ്ലുങ് മെയ്യെ നിയോഗിച്ചിട്ടുണ്ട്.
ALSO READ: പോരാട്ട വീര്യത്തിന്റെ 'വിറ്റ്‌നസ്'; സാക്ഷി മാലിക്കിന്റെ പുസ്തകം ഒക്ടോബറില്‍
കഴിഞ്ഞ വർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ മെയ്തികളെ അനുകൂലിച്ചുവെന്നും കുക്കി വിഭാഗത്തെ ഉപദ്രവിച്ചുവെന്നുമുള്ള ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയെങ്കിലും അത്തരത്തിൽ സംഭവിച്ചിട്ടെല്ലന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിരേൻ സിംഗ്. മയക്കുമരുന്നിനെതിരെയും അനധികൃത കുടിയേറ്റക്കാർക്ക് എതിരെയുമുള്ള സർക്കാർ നീക്കമാണ് കലാപത്തിന് പ്രധാന കാരണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. 2023 മെയിൽ ആരംഭിച്ച വംശീയ ആക്രമണത്തിൽ ഇതുവരെ 226 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. വംശീയ സംഘർഷം ആരംഭിച്ചിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു.