
മണിപ്പൂരിലെ വംശീയ സംഘർഷങ്ങളിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിംഗ്. 2025ഓടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ വർഷം അവസാനിക്കുന്നതെന്നും ബിരേൻ സിംഗ് പറഞ്ഞു.
"ഈ വർഷം മുഴുവനും ദൗർഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതൽ ഇന്നുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഞാൻ ഖേദമറിയിക്കുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നിരവധി ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ചുപോയി. എനിക്ക് ഖേദമുണ്ട്. ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ ഇപ്പോൾ, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലേക്കുള്ള പുരോഗതി കണ്ടതിന് ശേഷം, 2025 ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു", മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും അഭിസംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ ഖേദപ്രകടനം. സംഭവിച്ചതെല്ലാം സംഭവിച്ചു. കഴിഞ്ഞകാലങ്ങളിൽ സംഭവിച്ച തെറ്റുകള്‍ മറക്കുകയും പൊറുക്കുകയും വേണമെന്ന് ബിരേൻ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും സമാധാനത്തോടെ ഒരുമിച്ചു ജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 മെയ് മുതൽ 180 ജീവനുകളാണ് മണിപ്പൂരിൽ വംശീയ സംഘർഷങ്ങളിൽ നഷ്ടമായത്. പട്ടികവർഗ (എസ്‌ടി) പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തോട് കുക്കി ഗോത്രവിഭാഗം എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതാണ് ആക്രമണങ്ങൾക്ക് തുടക്കമിട്ടത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തെയ്‌കള്‍ ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനമുള്ള നാഗകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗക്കാർ പ്രധാനമായും മലനിരകളിലാണ് താമസിക്കുന്നത്. ഇവർ തമ്മിൽ ഉടലെടുത്ത സംഘർഷങ്ങളെ നിയന്ത്രിക്കാൻ നയപരമായ ഇടപെടലുകളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.