
മണിപ്പൂരില്‍ കാണാതായ കുക്കി വംശജനായ മുന്‍ സൈനികൻ ലിംലാൽ മാതെയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറന്‍ ഇംഫാലിനും കാങ്പോക്‌പി ജില്ലയ്ക്കും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കലാപകാരികളാണെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
മാതെയുടെ മകന്‍ നല്‍കിയ പരാതിയില്‍ കാങ്പോക്‌പി പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ചന്തയിലെക്ക് പോകും വഴി മാതെയെ കലാപകാരികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് മകന്‍റെ മൊഴി.
വെള്ളിയാഴ്ച മുതല്‍ മണിപ്പൂരില്‍ കലാപം ശക്തമായിരിക്കുകയാണ്. ജിരിബാം ജില്ലയില്‍ ആറ് പേർ കൊല്ലപ്പെട്ടതാണ് കലാപത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. കുക്കി-മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുമ്പോഴും ജിരിബാമിൽ വംശീയ കലാപങ്ങളൊന്നും നടന്നിരുന്നില്ല. 2023 മെയ് മുതല്‍ മണിപ്പൂരില്‍ ഗോത്ര കലാപം നടക്കുകയാണ്. താഴ്വരയില്‍ ഭൂരിപക്ഷമുള്ള മെയ്തെയ് വിഭാഗവും ഗിരിപ്രദേശത്തുള്ള കുക്കി ഗോത്രത്തിനും ഇടയിലാണ് കലാപം.
ALSO READ: 'സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല, കേന്ദ്ര സേനയെ പിൻവലിക്കണം'; ഇംഫാലിൽ പ്രതിഷേധവുമായി വിദ്യാർഥികൾ
ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർഥികള്‍ സെക്രട്ടറിയേറ്റിനും രാജ് ഭവനും മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മണിപ്പൂരില്‍ ഭരണപരമായ സുരക്ഷ ഉറപ്പാക്കണമെന്ന് വിദ്യാർഥികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവിനെ നീക്കുക, ഏകീകൃത കമാൻഡ് സംസ്ഥാന സർക്കാരിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു. വിദ്യാർഥികളുടെ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. രാജ്ഭവനും സെക്രട്ടറിയേറ്റിനും നേരെ വിദ്യാർഥികള്‍ കല്ലെറിഞ്ഞു. സിആർപിഎഫിനു നേരെയും ആക്രമണമുണ്ടായി. സംഘർഷത്തില്‍ 12 പേർക്ക് പരുക്കേറ്റു. സമരക്കാർ തൗബാല്‍ കളക്ടറേറ്റിന് മുകളില്‍ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക ഉയർത്താന്‍ ശ്രമിച്ചുവെന്ന് കളക്ടർ ആരോപിച്ചു.
അതേസമയം, കുക്കി ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും അസം റൈഫിള്‍സിനെ മാറ്റണമെന്നാണ് സംസ്ഥാനം സന്ദർശിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥന്‍ സർക്കാരിന് നല്‍കിയ നിർദേശം. പകരം സിആർപിഎഫിനെ വിന്യസിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ വംശഹത്യ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കുക്കി വിഭാഗം പറയുന്നത്. 50 ശതമാനത്തിനു മേല്‍ കുക്കികളുള്ള അസം റൈഫിള്‍സ് പ്രദേശത്തുള്ളതിനാലാണ് വംശഹത്യ നടക്കാത്തതെന്നാണ് ഗോത്ര വിഭാഗത്തിന്‍റെ വിലയിരുത്തല്‍. സംഘർഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നിലവിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് ആലോചനയിൽ ഇല്ലെന്നാണ് സൂചന.
മണിപ്പൂർ ഭരിക്കുന്ന ബിരേന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച നടപടികളും, കറുപ്പ് കൃഷി നിര്‍മാര്‍ജ്ജന പരിപാടികളും, മാര്‍ച്ച് മാസത്തില്‍ എസ്ഒഒ (സസ്പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍) കരാര്‍ പിന്‍വലിച്ചതും കുക്കി ഗോത്രത്തിനിടയില്‍ ആശങ്ക സൃഷിടിച്ചിരുന്നു. ഇതിനെ വംശീയ അതിക്രമമായാണ് കുക്കികള്‍ വിലയിരുത്തിയത്. ഇതിനു പിന്നാലെ മെയ്തേയ് വിഭാഗത്തിന് ഷെഡ്യൂള്‍ ട്രൈബ് പദവി കൂടി നല്‍കാന്‍ തീരുമാനിച്ചത് കുക്കികളെ പ്രകോപിപ്പിച്ചു. ഷെഡ്യൂള്‍ ട്രൈബ് പദവിയിലൂടെ മെയ്തേയ്ക്ക് സംരക്ഷിത പ്രദേശമായ കുന്നുകളിലും സ്ഥലം വാങ്ങാന്‍ സാധിക്കും. ഇതിനെതിരെ കുക്കികള്‍ പ്രതിഷേധിച്ചു. ബിജെപി സർക്കാർ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ ഇരുന്നതോടെ കുക്കി-മെയ്തേയ് വിഭാഗങ്ങള്‍ക്കിടയിലെ ചരിത്രപരമായ സംഘർഷം കഴിഞ്ഞ വർഷം മെയ് മാസത്തില്‍ പുനരാരംഭിക്കുകയായിരുന്നു.