
മാന്നാർ കൊലപാതക കേസിൽ മൂന്ന് പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ളയുടേതാണ് നടപടി. കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന എ.പി.പി അഡ്വക്കേറ്റ് ശോഭയുടെ വാദത്തിന് പിന്നാലെ പ്രതികളെ ഇന്ന് തന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസ് അപേക്ഷ നാളെ പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് തന്നെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിനായാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം മറവു ചെയ്യാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് ഇവർ കൂട്ടുനിന്നത്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത നിയമപ്രകാരം പ്രതികള്‍ക്കെതിരെ 302, 201, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഇന്ന് ഉച്ചയോടെയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചത്. പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോകാനുള്ള റിമാൻഡ് നടപടിക്രമങ്ങൾ പൂർത്തിയാകവെയാണ് പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയത്.
കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് അപേക്ഷയിൽ പൊലീസ് പറയുന്നു. കലയെ കൊലപ്പെടുത്താൻ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണം. കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചതായി സംശയമുണ്ട്. അതിനായി അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കി.
മാന്നാറിൽ 15 വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽ കുമാർ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ജിനു, സോമൻ, പ്രമോദ് എന്നിവർ കേസിലെ രണ്ടും മൂന്നും നാലും പ്രതികളാണ്.
കലയും ഭര്‍ത്താവ് അനില്‍കുമാറും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിദേശത്തായിരുന്ന അനില്‍കുമാര്‍ നാട്ടിലെത്തിയ സമയത്താണ് കലയുടെ തിരോധാനം. മറ്റൊരാളുമായി ബന്ധമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.