ശ്രേഷ്ഠ ഭാഷ പദവി; മറാത്തിയും ബംഗാളിയും ഉൾപ്പെടെ അഞ്ച് ഭാഷകൾക്ക് കൂടി അനുമതി നൽകി കേന്ദ്രസർക്കാർ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ആവശ്യം അംഗീകരിച്ചുവെന്നതും ശ്രദ്ധേയമാണ്
ശ്രേഷ്ഠ ഭാഷ പദവി;  മറാത്തിയും ബംഗാളിയും ഉൾപ്പെടെ അഞ്ച് ഭാഷകൾക്ക് കൂടി അനുമതി നൽകി കേന്ദ്രസർക്കാർ
Published on

തമിഴ്,സംസ്‌കൃതം,തെലുങ്ക്, കന്നഡ,മലയാളം,ഒഡിയ എന്നിവയ്ക്ക് പുറമേ അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠ ഭാഷ പദവിക്കുള്ള അനുമതി നൽകി കേന്ദ്രസർക്കാർ . ഇതോടെ മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നിവ പദവി ലഭിക്കുന്ന പുതിയ ഭാഷകളാകും. 2014-ലാണ് അവസാനമായി ഒരു ഭാഷയ്ക്ക് ഈ പദവി ലഭിക്കുന്നത്. അത് ഒഡിയ ആയിരുന്നു. ഇതിൽ മറാത്തി ഉൾപ്പെടെ ചില ഭാഷകൾക്ക് ഈ പദവി നൽകണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്.

അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ 2014-ൽ ഇതിനായി ഭാഷാ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. മറാത്തിയെ ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് കേന്ദ്രത്തിന് അയച്ചതായും പാനൽ പറഞ്ഞിരുന്നു. മറാത്തിക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ മാസം അവസാനം വരെ ആരോപിച്ചിരുന്നു.


മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ആവശ്യം അംഗീകരിച്ചുവെന്നതും ശ്രദ്ധേയമാണ്. കൂടാതെ ബംഗാളിക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എക്സിൽ പോസ്റ്റ് ചെയ്തു. ക്ലാസിക്കൽ ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്‌കൃതം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് കേന്ദ്ര സർവകലാശാലകളും പുരാതന തമിഴ് ഗ്രന്ഥങ്ങളുടെ വിവർത്തനം സുഗമമാക്കുന്നതിന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് സ്ഥാപിക്കുമെന്നും ഗവേഷണം പ്രോത്സാഹിപ്പിക്കുമെന്നും സർവകലാശാല വിദ്യാർഥികൾക്കും തമിഴ് ഭാഷാ പണ്ഡിതന്മാർക്കും കോഴ്‌സുകൾ വാഗ്ദാനം ചെയ്യുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com