അവഞ്ചേഴ്‌സ് അസംബിള്‍ഡ് ഫോര്‍ കമല; യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് മാര്‍വെല്‍ താരങ്ങളുമെത്തുമ്പോള്‍

കമലയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കുടിയേറ്റം, ഗര്‍ഭഛിദ്രം, വിലക്കയറ്റം, ലഹരി, ലിംഗ സമത്വം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാണ്.
അവഞ്ചേഴ്‌സ് അസംബിള്‍ഡ് ഫോര്‍ കമല; യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് മാര്‍വെല്‍ താരങ്ങളുമെത്തുമ്പോള്‍
Published on


അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപും കടുത്ത പ്രചാരണ പരിപാടികളിലാണ്. ഇതിനകം സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ലോക പ്രശസ്ത പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റും ഗായിക ബിയോണ്‍സേയും കമലയുടെ പ്രചാരണ വേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗായകരില്‍ ഒതുങ്ങുന്നതല്ല കമലയ്ക്കുള്ള പിന്തുണ. പ്രശസ്ത നടന്‍ ലിയണാര്‍ഡോ ഡികാപ്രിയോ, ജൂലിയ റോബേര്‍ട്ട്‌സ്, ജോര്‍ജ് ക്ലൂണീ, ജെന്നിഫര്‍ ലോറന്‍സ് തുടങ്ങി നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ ലോകത്തുടനീളം ഫാന്‍സുള്ള മാര്‍വെല്‍ യൂണിവേഴ്‌സിലെ 'സൂപ്പര്‍ ഹീറോസും' യുഎസ് തെരഞ്ഞെടുപ്പില്‍ കമലയെ പിന്തുണച്ച് എത്തിയിരിക്കുകയാണ്. അമേരിക്കന്‍ മാഗസിനായ വാനിറ്റി ഫെയറിന് നല്‍കിയ വീഡിയോയിലാണ് അവഞ്ചേഴ്‌സ് താരങ്ങള്‍ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചത്. അയണ്‍ മാനായി സ്‌ക്രീനിലെത്തിയ റോബര്‍ട്ട് ഡൗണി ജൂനിയര്‍, നടാഷ (ബ്ലാക്ക് വിഡോ) യായെത്തിയ സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ക്യാപ്റ്റന്‍ അമേരിക്കയായെത്തിയ ക്രിസ് ഇവാന്‍സ്, ഹള്‍ക്കായി ആരാധകരെ അമ്പരപ്പിച്ച മാര്‍ക്ക് റഫല്ലോ, റോഡിയായെത്തിയ ഡോണ്‍ ചെഡ്ല്‍, ഒക്കോയെ ആയി വേഷമിട്ട ഡനായി ഗറിറ, ജാര്‍വിസാ(വിഷന്‍)യി എത്തിയ പോള്‍ ബാറ്റണി തുടങ്ങിയവരാണ് വീഡിയയോയില്‍ ഒരുമിച്ചെത്തി കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.


90 സെക്കന്‍ഡുള്ള വീഡിയോയില്‍ എല്ലാവരും കമല ഹാരിസിന് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. കമല ഹാരിസിന് തെരഞ്ഞെടുപ്പില്‍ ആകര്‍ഷകമായ ഒരു സ്ലോഗന്‍ ആവശ്യമാണ് എന്നും എല്ലാവരും ഒരു പോലെ ആവശ്യപ്പെട്ടു. ക്രിസ് ഈവാന്‍സ് 'ഐ കാന്‍ ഡൂ ദിസ് ഫോര്‍ ഓള്‍ ഡേ' എന്ന് പറഞ്ഞപ്പോള്‍, വക്കാണ്ട ഫോറെവര്‍ എന്ന സ്ലോഗന് പകരമായി കമല ഫോറെവര്‍ എന്നായിരുന്നു ഓകോയെ പറഞ്ഞത്.


അവസാനം 'ജനാധിപത്യത്തിനായി കമല ഹാരിസ്' എന്ന പൊതു ആശയത്തിലേക്ക് എത്തിയ താരങ്ങള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെന്നും ആഹ്വാനം ചെയ്തു. പിന്നാലെ വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് മാര്‍ക്ക് റഫല്ലോ രംഗത്തെത്തി. ഡെമോക്രാറ്റ് ആശയങ്ങളെ പിന്തുടരുന്ന മാര്‍ക്ക് എന്തുകൊണ്ട് കമലയെ പിന്തുണയ്ക്കണമെന്നും എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

'ഇതൊന്നും ഇങ്ങനെ വെറുതെ പുറത്തു കളയരുത്. അങ്ങനെ ചെയ്താല്‍ നമുക്ക് നഷ്ടപ്പെടുന്നത്, സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങള്‍, കാലാവസ്ഥ വ്യതിയാനം, LGBTQIA+ അവകാശങ്ങള്‍, പൊതു വിദ്യാഭ്യാസം, സ്റ്റുഡന്റ് ഡെറ്റ് റിലീഫ്, സാമൂഹ്യ സുരക്ഷ തുടങ്ങി 2025ലെ വലിയ പദ്ധതികളാണ്,' മാര്‍ക്ക് റഫല്ലോ കുറിച്ചു. അസംബിള്‍ ഫോര്‍ ഡെമോക്രസി എല്ലാ വോട്ടുകളും കൃത്യമായി എണ്ണി തിട്ടപ്പെടുത്തപ്പെടും, കമലയ്ക്കും ടിം വാള്‍സിനും വോട്ട് ചെയ്യുക എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് മാര്‍ക്ക് പറയുന്നുണ്ട്.

കമലയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കുടിയേറ്റം, ഗര്‍ഭഛിദ്രം, വിലക്കയറ്റം, ലഹരി, ലിംഗ സമത്വം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാണ്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട കമലയുടെ നയവും ട്രംപിന്റെ നയവും രണ്ട് വിരുദ്ധ ചേരികൡാണെന്നത് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്.

എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്, അമേരിക്കന്‍ നടന്‍ സാക്കറിയ ലെവി തുടങ്ങി വലിയ പ്രമുഖരുടെ പിന്തുണ ട്രംപിനും നിലവിലുണ്ട്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കമലയ്ക്ക് ഒട്ടും പുറകിലല്ല ട്രംപ്. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ തെരഞ്ഞെടുപ്പ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടതുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com