ഗർഭിണികളായ അഞ്ചുപേർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
അമേരിക്കയിൽ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിന് വീണ്ടും തിരിച്ചടി. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതിയും വിധിച്ചു. ഗർഭിണികളായ അഞ്ചുപേർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
ഭരണഘടനയിലെ പതിനാലാം ഭേദഗതി യുഎസിൽ ജനിച്ച എല്ലാ വ്യക്തികൾക്കും പൗരത്വം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇത് അസാധുവാക്കിക്കൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാഖ്യാനത്തെ രാജ്യത്തെ ഒരു കോടതിയും പിന്തുണച്ചിട്ടില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ വിധിച്ചു.
ഇത് രണ്ടാം തവണയാണ് ഈ തീരുമാനത്തിനെതിരെ കോടതി വിധിയുണ്ടാകുന്നത്. ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള നടപടി സ്റ്റേ ചെയ്തുകൊണ്ട് സിയാറ്റിലിലെ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജ് ജോൺ കോഗ്‍നോറിന്റെ വിധി.
അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. യുഎസിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്നത് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയാണ്. ഇതിനെ മറികടന്നുകൊണ്ടായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. ഈ നിയമം പിൻവലിക്കുമെന്നാണ് ട്രംപ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്. രാജ്യത്തേക്ക് നടക്കുന്ന അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ ഭാഗമായാണ് ട്രംപ് ജന്മാവകാശ പൗരത്വത്തിനെതിരെ നിലപാട് സ്വീകരിച്ചത്.
ALSO READ: അനധികൃത കുടിയേറ്റം: 205 പേരുമായി യുഎസ് സൈനിക വിമാനം ഇന്ന് ഇന്ത്യയിലെത്തും
അധികാരത്തിലെത്തിയ ആദ്യദിനം തന്നെയാണ് ട്രംപ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ഇന്ത്യക്കാർ ഉൾപ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്നതായിരുന്നു ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന നടപടി.