തിരുവനന്തപുരത്ത് കൂട്ടക്കൊല: യുവാവ് മൂന്നിടത്തായി അഞ്ചു പേരെ കൊലപ്പെടുത്തി; ഗുരുതര പരിക്കോടെ മാതാവ് ആശുപത്രിയില്‍

ആറു പേരെ വെട്ടിയെന്ന അഫാന്റെ മൊഴി പരിശോധിച്ച പൊലീസാണ് കൊലപാതക വിവരം പുറത്തുവിട്ടത്
തിരുവനന്തപുരത്ത് കൂട്ടക്കൊല: യുവാവ് മൂന്നിടത്തായി അഞ്ചു പേരെ കൊലപ്പെടുത്തി; ഗുരുതര പരിക്കോടെ മാതാവ് ആശുപത്രിയില്‍
Published on



തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം. സഹോദരൻ അടക്കം  അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പേരുമല സ്വദേശി അഫാൻ (23) ആണ് കൃത്യം നടത്തിയത്. ആക്രമണത്തിനുശേഷം ഇയാള്‍ വെഞ്ഞാറമൂട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആറു പേരെ വെട്ടിയെന്ന അഫാന്റെ മൊഴി പരിശോധിച്ച പൊലീസാണ് കൊലപാതക വിവരം പുറത്തുവിട്ടത്.


സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർഷാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഫാന്റെ ഉമ്മ ഷെമി ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യത്തിനുശേഷം വിഷം കഴിച്ചെന്നും യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

പിതാവിനൊപ്പം വിദേശത്തായിരുന്ന പ്രതി ഏതാനും നാളുകൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. യുവാവിൻ്റെ ഉമ്മ ഷെമി കാൻസർ ബാധിതയാണ്. കൊല്ലപ്പെട്ട സഹോദരൻ അഫ്സാൻ വെഞ്ഞാറമ്മൂട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കൊലപാതകങ്ങൾക്കു ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് പോയത്. പിതാവ് വിദേശത്താണ്.

കൊലയ്ക്കു ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സാമ്പത്തിക പരാധീനതകളാണ് കൊലപാതകത്തിന് കാരണം എന്ന പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. 

പുല്ലംപാറ, പാങ്ങോട്, ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരൻ കൊലപാതകം നടത്തിയത്. പാങ്ങോടാണ് സൽമാ ബീവി താമസിച്ചിരുന്നത്. രാവിലെ സൽമാ ബീവിയെ കൊലപ്പെടുത്തിയ യുവാവ് പിന്നീട് മറ്റ് സ്ഥലങ്ങളിലെത്തി ഉമ്മയേയും സഹോദരനേയും അടക്കം ആക്രമിച്ചത്. വൈകിട്ട് ആറ് മണിയോടെ പ്രതി പൊലീസിലെത്തി കീഴടങ്ങിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com