
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ച മാർച്ചിൽ വൻ സംഘർഷം. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലുണ്ടായ ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് തലയ്ക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിട്ടു. സെക്രട്ടറിയേറ്റിനുള്ളിൽ തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസിൻ്റെ ഷീൽഡുകൾ പ്രവർത്തകർ തല്ലിത്തകർത്തു. പ്രവർത്തകർ വലിയ പ്രകോപനം സൃഷ്ടിച്ചതോടെയാണ് പൊലീസ് ലാത്തിവീശിയത്. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കിയും പ്രയോഗിച്ചു.
സംഘർഷം ശക്തമായതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം തുടർന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചതോടെ നേതാക്കളും പൊലീസുമായി വാക്കുതർക്കവും ഉണ്ടായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകളാണ്. ആര് തടഞ്ഞാലും സമരം തുടരുമെന്നും, പേടിച്ചോടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു.