ഡല്‍ഹി ലോധി റോഡില്‍ ആലിപ്പഴ വര്‍ഷവും സഫ്ദര്‍ജങ്ങില്‍ മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശി
ഡല്‍ഹിയിലും നോയിഡയിലും ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും. ഇന്ന് വൈകിട്ടു മുതല്‍ ആരംഭിച്ച കാറ്റിലും മഴയിലും ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും വൈദ്യുതി തടസ്സവും ഉണ്ടായി.
ചിലയിടങ്ങളില്‍ മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റില്‍ പല സ്ഥലങ്ങളിലും ഹോര്‍ഡിങ്ങുകളും മരങ്ങളും വീണു. ഡല്‍ഹി ലോധി റോഡില്‍ ആലിപ്പഴ വര്‍ഷവും സഫ്ദര്‍ജങ്ങില്‍ മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശിയതായി റിപ്പോര്‍ട്ടുണ്ട്.
അപ്രതീക്ഷിത ആലിപ്പഴവര്‍ഷത്തെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. 200 ലധികം യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ഇറക്കിയത്. റഫ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ചില പ്രദേശങ്ങളില്‍ മെട്രോ സര്‍വീസുകളും താല്‍ക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്.