ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്; പ്രതിഷേധമറിയിച്ച് KUWJ

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം
ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്; പ്രതിഷേധമറിയിച്ച് KUWJ
Published on

ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്. ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.

അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിലെ മാധ്യമ വിലക്കിൽ കെ.യു.ഡബ്യു.ജെ പ്രതിഷേധിച്ചു. തൊഴിലെടുക്കാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തിന് ഹൈക്കോടതി വിധിയെ മുൻനിർത്തി തടയിട്ട ദേവസ്വം അധികൃതരുടെ നടപടയിലാണ് ശക്തമായ പ്രതിഷേധം. ശബരിമലയിൽ അടക്കം വാർത്താ ശേഖരണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി നൽകുമ്പോഴാണ് ഗുരുവായൂരിൽ നീതീകരിക്കാനാകാത്ത നീക്കം ഉണ്ടായത്. ഹൈക്കോടതി നിർദ്ദേശത്തിന് വ്യക്തത ആവശ്യപ്പെട്ടും വാർത്താ മാധ്യമങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ചിത്രീകരണത്തിനും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുമാണ് കേരള പത്രപ്രവർത്തക യൂണിയൻ്റെ പ്രതിഷേധം. കേസിൽ കക്ഷി ചേരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും യൂണിയൻ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചെന്ന പരാതിയിൽ കഴിഞ്ഞ ദിവസം യുവതിക്ക് എതിരെ കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ ടെമ്പിൾ പൊലീസിന്‍റെയാണ് നടപടി. ഗുരുവായൂർ സ്വദേശിനി രാധിക നൽകിയ പരാതിയിലാണ് ജസ്നയ്‌ക്കെതിരെ കേസെടുത്തത്. കിഴക്കേ ദീപസ്തംഭത്തിനടുത്തെ ഇ - ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ വിവിധ നിറങ്ങളിലുള്ള കടലാസ് മാല ചാർത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. മാർച്ച് 10നും 19 നും ഇടയിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.

നേരത്തെ ജസ്ന ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വാർത്തയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയിലാണ് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണെന്നും അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com