
കൊച്ചി നഗരത്തിൽ കാൽനടയാത്ര പോലും ദുഷ്കരമാക്കുന്ന തരത്തിലാണ് മിക്ക നടപ്പാതകളും. അപകടങ്ങൾ തുടർക്കഥയായതോടെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചു. ഫണ്ടില്ലാത്തതാണ് അറ്റകുറ്റപ്പണികൾ വൈകുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
നടപ്പാതകൾ നിർമിക്കുന്നത് നടക്കാനാണ്. എന്നാൽ കൊച്ചിയിലെ നടപ്പാതകൾ മനുഷ്യൻ്റെ നടുവൊടിക്കും. കാട് കയറിയ ചില നടപ്പാതകൾ കണ്ടുപിടിക്കാൻ പോലും പ്രയാസമാണ്. ടൈലുകൾ ഇളകിയതും കോൺക്രീറ്റ് സ്ലാബ് മാറ്റി വെച്ചതുമായ നടപ്പാതകൾ പലതും വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതാണ്.
സാധാരണക്കാർക്കൊപ്പം, ഭിന്നശേഷിക്കാരെയും വലയ്ക്കുന്നതാണ് ഈ നടപ്പാതകളൊക്കെയും. കാനകളുടെ മുകളിലെ സ്ലാബുകൾ പല സ്ഥലത്തും സ്ഥാപിച്ചിട്ടില്ലാത്തത് മഴക്കാലത്ത് അപകടം വർധിപ്പിക്കുന്നത്. ഓപ്പറേഷൻ ഫൂട്‌പാത്തുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി, അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ നടപ്പാതകളുടെ അറ്റകുറ്റപ്പണി നടത്താൻ ഫണ്ടില്ലെന്നാണ് കോടതിയിൽ അധികൃതർ നൽകിയ വിശദീകരണം.
നടപ്പാതകളുടെ വികസനത്തിനായി കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, കൊച്ചി കോർപ്പറേഷൻ, പൊതുമരാമത്തു വകുപ്പ്, ഗ്രേറ്റർ കൊച്ചി ഡെവലപ്പ്മെന്റ് അതോറിറ്റി, കളമശ്ശേരി, തൃപ്പൂണിത്തുറ , മാറാട് മുനിസിപ്പാലിറ്റികൾ എന്നിവ ഉൾപ്പെട്ട ഏകോപന സമിതി കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ചിട്ടുണ്ടെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.