കൃത്യമായ ചികിത്സ നൽകിയില്ല, ഡോക്ടർമാർ മോശമായി പെരുമാറിയെന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്

ഡോക്ടറുടെ അശ്രദ്ധ കാരണം ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നു. ജനിച്ച് പത്തുമാസം കഴിഞ്ഞിട്ടും ബുദ്ധിപരമായ വളർച്ച കുഞ്ഞിനുണ്ടായിട്ടില്ല. ഇപ്പോഴും കുഞ്ഞിനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുകയാണെന്നും കുടുംബം പറയുന്നു.
കൃത്യമായ ചികിത്സ നൽകിയില്ല, ഡോക്ടർമാർ മോശമായി പെരുമാറിയെന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്
Published on



കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. പേരാമ്പ്ര സ്വദേശി അനുശ്രീക്ക്‌ പ്രസവ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടർമാർ മോശമായി പെരുമാറിയെന്നും പരാതി. ചികിത്സ പിഴവ് മൂലം അനുശ്രീക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പേരാമ്പ്ര സ്വദേശിയായ അനുശ്രീയും കുടുംബവുമാണ് പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. 

അനുശ്രീ പ്രസവ സംബന്ധമായ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ സൂരജിനെയാണ് സമീപിച്ചിരുന്നത്. 9ാം മാസത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് സ്വാഭാവികമെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് അനുശ്രീ പറയുന്നു. തുടർന്ന് ജനുവരി 13 ന് പ്രസവ ചികിൽസയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 18നായിരുന്നു പ്രസവം. എന്നാൽ പ്രസവ സമയത്ത് ചികിത്സയിൽ പിഴവുകൾ ഉണ്ടായെന്നും ശാരീരിക ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നുമാണ് പരാതി. അസഹ്യമായ വേദന വന്നപ്പോഴും ചികിത്സിക്കുന്നതിന് പകരം മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.

പ്രസവ സമയത്ത് കൂടെയുണ്ടായിരുന്ന പിജി ഡോക്ടറോട് കാര്യം പറഞ്ഞപ്പോൾ തന്നോടും അമ്മയോടും മോശമായി പെരുമാറി. ഡോക്ടറുടെ അശ്രദ്ധ കാരണം ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നു. ജനിച്ച് പത്തുമാസം കഴിഞ്ഞിട്ടും ബുദ്ധിപരമായ വളർച്ച കുഞ്ഞിനുണ്ടായിട്ടില്ല. ഇപ്പോഴും കുഞ്ഞിനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുകയാണെന്നും കുടുംബം പറയുന്നു.



സംഭവത്തിൽ മുഖ്യമന്ത്രിക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് അനുശ്രീയുടെയും കുടുംബത്തിന്റെയും ആവശ്യം. ഇവർക്ക് പിന്തുണയുമായി ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com