കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു പ്രതിസന്ധി: പരിഹാരത്തിനായി വിതരണക്കാർ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

വിതരണക്കാർക്കുള്ള കുടിശ്ശിക 90 കോടി രൂപയിൽ അധികമായതോടെ, ഈ മാസം 10 മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നു വിതരണം നിർത്തിവെച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു പ്രതിസന്ധി: പരിഹാരത്തിനായി വിതരണക്കാർ  ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല
Published on

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ ആശുപത്രി അധികൃതരുമായി വിതരണക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഒക്ടോബർ വരെയുള്ള കുടിശ്ശിക നൽകാതെ പ്രവർത്തനം പുനഃരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. അതിനിടെ കുടിശ്ശിക 90 കോടി കടന്നതോടെ മെഡിക്കൽ കോളേജിലേക്കുള്ള സ്റ്റെൻ്റ് വിതരണവും നിർത്തിവെക്കാൻ ഒരുങ്ങുകയാണ് വിതരണക്കാർ.

മരുന്ന് ക്ഷാമം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് എംപി എം.കെ. രാഘവൻ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. രാവിലെ 8 മണി മുതൽ മെഡിക്കൽ കോളജിന് മുന്നിലാണ് സമരം. വിതരണക്കാർക്കുള്ള കുടിശ്ശിക 90 കോടി രൂപയിൽ അധികമായതോടെ, ഈ മാസം 10 മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നു വിതരണം നിർത്തിവെച്ചത്. പ്രതിസന്ധി രൂക്ഷമയതോടെയാണ് മെഡിക്കൽ കോളേജ് അധികൃതർ വിതരണക്കാരെ ചർച്ചക്ക് വിളിച്ചത്. കുടിശ്ശികയിൽ 30 കോടിയെങ്കിലും നൽകാതെ മരുന്ന് വിതരണം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് വിതരണക്കാർ യോഗത്തെ അറിയിച്ചു.

കാസ്പ് പദ്ധതി ഫണ്ടിൽ നിന്ന് പത്തു മാസത്തേയും കാരുണ്യ ബാനവലന്റ് ഫണ്ടിൽ നിന്ന് 19 മാസത്തേയും തുക വിതരണക്കാർക്ക് കിട്ടാനുണ്ട്. ഇക്കാര്യം ചൂണ്ടി കാട്ടി ആരോഗ്യ മന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. വിഷയം പ്രാധാന്യത്തോടെ ആരോഗ്യ വകുപ്പിന്റെ അവലോകനയോഗത്തിൽ അവതരിപ്പിക്കാമെന്നു പ്രിൻസിപ്പൽ വിതരണക്കാർക്ക് ഉറപ്പ് നൽകി.


150 ഓളം ആവശ്യ മരുന്നുകൾ കാരുണ്യ പദ്ധതി പ്രകാരം മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം, മരുന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം തുടങ്ങുമെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചു. സ്വകാര്യ ആശുപത്രി റാക്കറ്റുകൾക്ക് വേണ്ടിയാണ് മെഡിക്കൽ കോളേജിനെ പ്രതിസന്ധിയിൽ ആക്കുന്നതെന്നായിരുന്നു കോൺഗ്രസ്‌ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com