നാട്ടിലെത്തിയത് ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ; കൊന്ന് കഷണങ്ങളാക്കി സിമൻ്റ് ഡ്രമ്മിനുള്ളിലടച്ച് ഭാര്യയും ആൺസുഹൃത്തും

ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഇയാളുടെ ഫോണിൽ നിന്നും ഭാര്യ കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ്
നാട്ടിലെത്തിയത് ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ; കൊന്ന് കഷണങ്ങളാക്കി സിമൻ്റ് ഡ്രമ്മിനുള്ളിലടച്ച് ഭാര്യയും ആൺസുഹൃത്തും
Published on


ഉത്തർപ്രദേശിലെ മീററ്റിൽ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. സൗരഭ് രജ്പുത് എന്നയാളാണ് കൊല്ലപ്പെട്ടത്. മാർച്ച് 4 ന് മീററ്റിലെ ബ്രഹ്മപുരി മേഖലയിലാണ് സംഭവമുണ്ടായത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി സിമൻ്റ് ഡ്രമ്മിനുള്ളിൽ അടച്ചുവെച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭാര്യ മുസ്‌കൻ റസ്‌തോഗി, ആൺസുഹൃത്ത് സാഹിൽ ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ ജന്മദിനം ആഘോഷിക്കാനായാണ് സൗരഭ് രജ്പുത് ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയത്.

കൊലപാതകം നടന്ന് 15 ദിവസങ്ങൾക്ക് ശേഷം, കഴിഞ്ഞദിവസമാണ് വാടക അപ്പാർട്ട്മെന്റിൽ നിന്ന് അഴുകിയ നിലയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപ്പാർട്ട്മെന്റിൽ നിന്നുള്ള ദുർഗന്ധത്തത്തെപ്പറ്റി മറ്റ് താമസക്കാരാണ് പൊലീസിൽ വിവരം നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഒന്നിലധികം കഷണങ്ങാക്കി സിമന്റ് നിറച്ച വാട്ടർ ഡ്രമ്മിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഇയാളുടെ ഫോണിൽ നിന്നും ഭാര്യ കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.


കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. 2016 ലാണ് കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ച് മുസ്കനും സൗരഭും വിവാഹിതരായത്. വാടക അപ്പാർട്ട്മെന്റിലാണ് ഇരുവരും താമസിച്ചത്. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകളുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com