സംസാര, ഭാഷാ വൈകല്യങ്ങൾ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ല: സുപ്രീം കോടതി

സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്സിൽ നിന്നും അയോഗ്യരാക്കുന്നത്
സംസാര, ഭാഷാ വൈകല്യങ്ങൾ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ല: സുപ്രീം കോടതി
Published on

സംസാര, ഭാഷാ വൈകല്യങ്ങൾ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്സിൽ നിന്നും അയോഗ്യരാക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥ് എന്നിവരാണ് കേസിൽ വിധി പറഞ്ഞത്.

നേരത്തെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എംബിബിഎസ് പ്രവേശനത്തിൽ നിന്നും വിലക്കിയിരുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേഷനിലെ നിയമം റദ്ദാക്കുകയായിരുന്നു സുപ്രീം കോടതി. എംബിബിഎസ് പ്രവേശനത്തിൽ ഇപ്പോഴത്തെ നിയമത്തിൽ നിന്നും വ്യത്യസ്തമായി വിഷയത്തിൽ ഒരു വിശാലമായ വ്യാഖ്യാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിധി.

44- 45 % വരെ സംസാര, ഭാഷാ വൈകല്യമുള്ളതിനാൽ എംബിബിഎസ് പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സെപ്റ്റംബർ 18ന് വിദ്യാർഥിക്ക് പ്രവേശനാനുമതി നൽകിക്കൊണ്ട് കോടതി വിധി പറഞ്ഞിരുന്നു. ഇതിൻ്റെ വിശദീകരണമെന്നോണമാണ് കോടതിയുടെ ഇന്നത്തെ വിധി.

44- 45 % വരെ സംസാര, ഭാഷാ വൈകല്യമുള്ളതിനാൽ ഈ വിദ്യാർഥിക്ക് പ്രവേശനം നിഷേധിക്കണോ എന്നും, പരിഗണിക്കപ്പെടാനുള്ള അവൻ്റെ അവകാശമാണ് അതിലൂടെ നഷ്ടപ്പെടുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഭിന്നശേഷിയുള്ള വ്യക്തികളെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ൻ്റെ ലംഘനമാണ് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com