കടുത്ത നടപടികളിലേക്ക് സുക്കര്‍ബര്‍ഗ്; 3600 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് META

ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനത്തോളം പേരെ ബാധിക്കുന്ന നടപടിയിലേക്കാണ് സുക്കര്‍ബര്‍ഗ് കടക്കുന്നത്.
കടുത്ത നടപടികളിലേക്ക് സുക്കര്‍ബര്‍ഗ്; 3600 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് META
Published on

കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. 3600 ഓളം ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം കമ്പനികളില്‍ നിന്നാകും ജീവനക്കാരെ പിരിച്ചുവിടുക.

കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 72,400 ജീവനക്കാരാണ് മെറ്റയിലുള്ളത്. ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനത്തോളം പേരെ ബാധിക്കുന്ന നടപടിയിലേക്കാണ് സുക്കര്‍ബര്‍ഗ് കടക്കുന്നത്. മോശം പ്രകടനം നടത്തുന്നവരെ കണ്ടെത്തി പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് പകരം പുതിയ ആളുകളെ ജോലിക്ക് എടുക്കുമെന്നും പറയുന്നു.

ഏറ്റവും മികച്ച ജീവനക്കാരാണെന്ന് ഉറപ്പു വരുത്താന്‍ പ്രകടന മികവിന്റെ അടിസ്ഥാനത്തിലുള്ള വെട്ടിക്കുറച്ചിലാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച മെമ്മോയും ജീവനക്കാര്‍ക്ക് നല്‍കി.

സമാനരീതിയില്‍ മൈക്രോസോഫ്റ്റും അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൊത്തം ജീവനക്കാരില്‍ ഒരു ശതമാനം വരുന്ന ആളുകളെ പിരിച്ചുവിടുമെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റില്‍ നിന്നുണ്ടായത്.

മെറ്റയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച് പ്രകടന അവലോകനം ലഭിച്ച ജീവനക്കാരെയും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെയും ഇത് ബാധിക്കും. ബാധിച്ച ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് അറിയിപ്പ്. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ ആരൊക്കെയാണെന്ന് ഫെബ്രുവരി 10 ന് അറിയിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ലാഭക്ഷമത വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കുന്നതിന്റേയും ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെയാണ് മെറ്റയില്‍ നിന്ന് പിരിച്ചുവിട്ടത്.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുന്നതിന് മുന്നോടിയായിട്ടാണ് മെറ്റയിലെ മാറ്റങ്ങള്‍ എന്നും സൂചനയുണ്ട്. ട്രംപിന്റെ വിജയത്തിനു പിന്നാലെ കണ്‍സര്‍വേറ്റീവ് ആശയങ്ങളോട് സുക്കര്‍ ബര്‍ഗ് കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളുമായും മെറ്റ സിഇഒ അടുപ്പം സൂക്ഷിക്കുന്നു. ട്രംപിനൊപ്പമുള്ള അത്താഴ വിരുന്നും മെറ്റയുടെ പബ്ലിക് അഫേഴ്‌സ് തലപ്പത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനെ നോമിനേറ്റ് ചെയതതുമെല്ലാം ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. കണ്‍സര്‍വേറ്റീവുകള്‍ എതിര്‍ത്ത യുഎസ് ഫാക്ട്‌ചെക്കിങ് പദ്ധതി അവസാനിപ്പിക്കുന്നതായും സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com